ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ കൈകള്‍ ശുദ്ധമാണെന്നും തങ്ങളാരും കോഴ വാങ്ങിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നും പ്രതിപക്ഷ നേതാവിനെ നിശബ്ദനാക്കാന്‍ മുഖ്യമന്ത്രിക്ക് ഇതുകൊണ്ടൊന്നും കഴിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ബിജു രമേശിനെതിരെ മാനനഷ്ട കേസ് പരിഗണനയിലുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം വരുന്നുവെന്ന വാര്‍ത്ത ഇന്ന് രാവിലെയാണ് പുറത്തുവരുന്നത്. ബാര്‍ കോഴ കേസിലാണ് പുതിയ നടപടി. വി എസ് ശിവകുമാര്‍ ,കെ ബാബു എന്നിവര്‍ക്കെതിരെയും അന്വേഷണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ചെന്നിത്തലയ്ക്കെതിരായ വിജിലന്‍സ് അന്വേഷണം സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഗവര്‍ണറുടേയും സ്പീക്കറുടേയും അനുമതി തേടിയ ശേഷമാകും അന്വേഷണം.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിന് കെപിസിസി ഓഫിസിലും, രമേശ് ചെന്നിത്തലയ്ക്കും, വി.എസ് ശിവകുമാറിനുമടക്കം 20 കോടി രൂപ നല്‍കിയെന്നായിരുന്നു ബിജുരമേശിന്റെ ആരോപണം. കെഎം മാണിക്കെതിരായ ആരോപണം പിന്‍വലിക്കുന്നതിന് ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തെന്നും ബിജു പറഞ്ഞിരുന്നു.