
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൊണ്ടുവരുന്ന ‘ആന്റി ലവ് ജിഹാദ്’ ബില്ലിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം. ഭരണഘടനയ്ക്ക് വിരുദ്ധമാണ് ഇത്തരം ബില്ലെന്നും പൗരന്മാരുടെ വ്യക്തിഗത അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും സിപിഎം പിബി അംഗം സുഭാഷിണി അലി വ്യക്തമാക്കി. അതുകൊണ്ടുതന്നെ യോഗി സര്‍ക്കാരിന്റെ ലൗ ജിഹാദ് ബില്ലിനെതിരേ കോടതിയെ സമീപിക്കുമെന്നും അവര്‍ അറിയിച്ചു.
യുപി സര്‍ക്കാര്‍ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുന്നത് മതപരിവര്‍ത്തന വിരുദ്ധ ബില്ലിന്റെ ഭാഗമായാണ്. എന്നാല്‍ ഇത് പൗരാവകാശം ലംഘിക്കുന്നതും ഭരണഘടനയ്ക്ക് നിരക്കുന്നതല്ലെന്നുമാണ് സിപിഎം പറയുന്നത്. രാജ്യത്തെ ഹൈക്കോടതികളിലെയും സുപ്രീം കോടതിയിലെയും സമീപകാല വിധിന്യായങ്ങളുടെയും ലംഘനമാണ് ഈ ബില്‍ എന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു.
മതേതര രാജ്യമായ ഇന്ത്യയില്‍ ഈ മതാധിഷ്ഠിത അജണ്ട പിന്തുടരാന്‍ അനുവദിക്കാനാകില്ലെന്ന് സുഭാഷിണി അലി പറഞ്ഞു. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുള്ള അത്തരമൊരു നിയമം അംഗീകരിക്കാന്‍ ഒരു തരത്തിലും കഴിയില്ല. അത്തരമൊരു നിര്‍ദ്ദിഷ്ട നിയമം പ്രാബല്യത്തില്‍ വരുത്താന്‍ യുപി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍, അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും അവര്‍ വ്യക്തമാക്കി.
ഇത്തരത്തിലുള്ള എന്തു ബില്‍ രാജ്യത്തുകൊണ്ടുവന്നാലും അതിനെതിരായ നിലപാട് സിപിഎം സ്വീകരിക്കുമെന്ന് സുഭാഷിണി അലി പറഞ്ഞു. ആവശ്യമെങ്കില്‍ നിയമപോരാട്ടം നടത്തും. കാരണം, ലൗ ജിഹാദ് പ്രശ്‌നം ഏറ്റവുമധികം ചര്‍ച്ചയായ സംസ്ഥാനമാണ് കേരളം. പാര്‍ട്ടി അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് ഇത്തരൊരു ബില്‍ കൊണ്ടുവരില്ല. യുപിയിലെ ഈ നിയമം കേരളത്തിലെ ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രചരണായുധമായി മാറും.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലുള്‍പ്പെടുന്ന ആളുകളെ ‘രാം നാം സത്യ’യാത്രയ്ക്ക് അയക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൈന്ദവ ആചാരപ്രകാരം മൃതദേഹവും വഹിച്ചുള്ള യാത്രയില്‍ ഉച്ചരിക്കുന്ന വാക്കുകളാണ് ‘രാം നാം സത്യ’. ലൗ ജിഹാദിന് തടയിടാനുള്ള എല്ലാ മാര്‍ഗവും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ഇതിനായി നിയമനിര്‍മ്മാണം നടത്തുമെന്നും ആദിത്യനാഥ് പ്രസ്താവിച്ചിരുന്നു.
ചില തീവ്രവലതുപക്ഷസംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന ഒരു ഗൂഢാലോചന സിദ്ധാന്തമാണ് ലൗ ജിഹാദ്. ഇതില്‍ മുസ്ലീം യുവാക്കള്‍ പ്രണയം അഭിനയിച്ച് അന്യമതസ്ഥരായ പെണ്‍കുട്ടികളെ സ്വന്തം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു എന്നാണിവര്‍ അവകാശപ്പെടുന്നത്. വിവാഹം കഴിക്കുന്നതിനായി മതപരിവര്‍ത്തനം നടത്തേണ്ട ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗി ആദിത്യനാഥ് ലൗ ജിഹാദിനെതിരെ ശക്തമായി പ്രതികരിച്ചത്.

