ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണി പ്രശാന്ത് വിഹറിലെ സിആര്‍പിഎഫ് സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാന്‍ സംഘടന. സ്ഫോടനം ഏറ്റെടുത്തുകൊണ്ടുള്ള സംഘടനയുടെ ടെലഗ്രാം ഗ്രൂപ്പിലെ സ്ക്രീന്‍ ഷോട്ട് പുറത്തു വന്നിട്ടുണ്ട്. ബോംബ് സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് പോസ്റ്റ്. ജസ്റ്റിസ് ലീഗ് ഇന്ത്യ എന്നാണ് ടെലഗ്രാം പോസ്റ്റിലുള്ളത്. ഇതിന് പിന്നാലെ സ്ഫോടനത്തിലെ ഖലിസ്ഥാന്‍ ബന്ധം പൊലീസ് പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ ദിവസമായിരുന്നു സ്കൂളിന് സമീപത്ത് സ്ഫോടനമുണ്ടായത്. പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ സ്കൂളിന്റെ മതിലിന് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. ആളപായമില്ല. രാവിലെ 7.45ഓടെയായിരുന്നു സംഭവം.