ഒറ്റപ്പാലം എന്‍.എസ്.എസ്. കെ. പി. ടി. എച്ച്. എസ്. എസ്. സ്‌കൂളില്‍ നടന്ന 22 – മത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ 340 പോയിന്റ് നേടി മലപ്പുറം ജില്ല ചാമ്പ്യന്‍മാരായി. 310 പോയിന്റ് നേടി കോഴിക്കോട് രണ്ടാം സ്ഥാനവും 301 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന കലോത്സവത്തില്‍ സംസ്ഥാനത്തെ 241 സ്‌കൂളുകളില്‍ നിന്നായി 1500 ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മാനസിക വെല്ലുവിളി നേരിടുന്നവര്‍( എം.സി), കാഴ്ചവൈകല്യമുള്ളവര്‍( വി.ഐ.) കേള്‍വി കുറവുള്ളവര്‍( എച്ച്.ഐ) എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. അവസാന ദിനമായ ഇന്നലെ തിരുവാതിരക്കളി, ചിത്രീകരണം, സംഘഗാനം, കഥാകഥനം എന്നീ വിഭാഗങ്ങളിലായി 345 വിദ്യാര്‍ഥികള്‍ മാറ്റുരച്ചു.
സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം തിരുവാതിരക്കളി, വൈകീട്ട് നടന്ന സമാപന സമ്മേളനം വി.കെ. ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം നഗരസഭ ചെയര്‍മാന്‍ എന്‍.എം. നാരായണന്‍ നമ്പൂതിരി അധ്യക്ഷനായി. വിജയികള്‍ക്കുള്ള സമ്മാനദാനം പി.ഉണ്ണി എം.എല്‍.എ നിര്‍വഹിച്ചു. എ. ഡി.പി. ഐ. ജനറല്‍ കണ്‍വീനര്‍ സി.എസ്. സന്തോഷ് കലോത്സവ അവലോകനവും വിജയികളെ പ്രഖ്യാപിക്കലും നടത്തി. ഒറ്റപ്പാലം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രത്‌നമ്മ, ഒറ്റപ്പാലം നഗരസഭ കൗണ്‍സിലര്‍മാരായ സത്യം പെരുമ്പറക്കോട് , പി.എം.എ. ജലില്‍, എല്‍.ആര്‍ ഹേമ , സുകുമാരന്‍, യു.എ. മജീദ്, പി. കൃഷ്ണന്‍ , ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.