കുന്ദമംഗലം: ഓൾ കേരള ന്യത്ത നാടക അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി നവംബർ 11 മുതൽ17 വരെ കുന്ദമംഗലത്ത് നൃത്തനാടക മേള നടത്തുന്നു. കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ (കെ ജി ഹർഷൻ നഗർ) എല്ലാ ദിവസവുംവൈകുന്നേരം 7 മണിക്ക് നാടകം ആരംഭിക്കും. പരിപാടിയുടെ സ്വാഗത സംഘം ഓഫീസ് കുന്ദമംഗലം മുക്കം റോഡിൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഷജിൽ സിന്ധു ഉദ്ഘാടനംചെയ്തു.
ഒന്നാം ദിവസം ഡ്രാമാവിഷൻ കോഴിക്കോടിൻ്റെ നാടകം ‘രൗദ്രം’ അരങ്ങേറും. രണ്ടാം ദിവസം
നവരസ കലാക്ഷേത്ര കോഴിക്കോടിൻ്റെ ‘പൊന്നാപുരം കോട്ട’ മൂന്നാം ദിനം കരാളിക കലാക്ഷേത്രയുടെ ‘സ്യമന്തകം’ നാലാം നാൾ നാട്യാലയ കോഴിക്കോടിൻ്റെ ‘ദേവ പ്രസാദം’ അഞ്ചാം ദിവസം കെ ജി
ക്രിയേഷൻസിൻ്റെ ‘ശ്രീരാമരാജ്യം’ ആറാം ദിവസം കുന്നമംഗലം കളിയരങ്ങിൻ്റെ ‘രാവണൻ’ എന്നീ നാടകങ്ങൾ മാറ്റുരയ്ക്കും. 17 ന് സമാപന ദിവസം സംസ്ഥാന നൃത്തനാടക മൽസരത്തിൽ 9 അവാർഡുകൾ കരസ്ഥമാക്കിയ ‘യക്ഷനാരി ‘ എന്ന നാടകം സൗഹൃദ പ്രദർശനമായി അരങ്ങേറും. പ്രകൃതി സൗഹൃദ രീതിയിൽ നടക്കുന്ന നാടകമേളയിലേക്ക് പ്രവേശനം സൗജന്യം.