നടി കവിയൂര്‍ പൊന്നമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. പെരിയാറിന്റെ തീരത്തെ ശ്രീപീഠം വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ചലച്ചിത്ര സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരുള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികള്‍ നല്‍കിയായിരുന്നു യാത്രയയപ്പ്. കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. അര്‍ബുദ രോഗബാധിതയായിരുന്നു.
കുറച്ചുനാളായി സിനിമാജീവിതത്തില്‍ നിന്ന് മാറി വിശ്രമജീവിതം നയിക്കുകയായിരുന്നു കവിയൂര്‍ പൊന്നമ്മ. ചെറിയ പ്രായത്തില്‍ തന്നെ മലയാള സിനിമയിലെത്തിയ പൊന്നമ്മ പ്രമുഖരായ അനേകം അഭിനേതാക്കളുടെ ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാള നാടക വേദികളിലും പൊന്നമ്മ ഒരു പ്രത്യേക സ്ഥാനം പിടിച്ചിരുന്നു. 2021 ല്‍ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തില്‍ നെടുമുടി വേണുവിനൊപ്പം അഭിനയിച്ചു. ഇതാണ് അവസാനചിത്രം.