ഇന്ന് ലോക സമാധാന ദിനം. യുദ്ധവും അക്രമവുമില്ലാത്ത, സമാധാനവും ശാന്തിയും നിറഞ്ഞ ഒരു പുതുലോകത്തെക്കുറിച്ചുള്ള പ്രതീക്ഷയുടെ ദിനമാണിന്ന്. ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്താനായി ഐക്യരാഷ്ട്രസഭ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 21 ലോകസമാധാന ദിനമായി ആചരിക്കുന്നു.
1981-ല്‍ മുതലാണ് ഐക്യരാഷ്ട്രസഭ ഈ ദിവസം ആചരിക്കാന്‍ ആരംഭിച്ചത്. വിവിധ രാജ്യങ്ങളും രാഷ്ട്രീയ സംഘടനകളും പട്ടാളക്യാമ്പുകളും സെപ്റ്റംബര്‍ 21 സമാധാനദിനമായി ആചരിക്കുന്നു.
1981-ല്‍ 36/37 വോട്ടിന് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ അംഗീകരിച്ച പ്രമേയമായിരുന്നു ലോകത്തിലെ 193 അംഗ രാജ്യങ്ങളും സമാധാനത്തിന് വേണ്ടി ഒരു ദിനം ആചരിക്കണം എന്നത്. പിന്നീട് 2001 ല്‍ 55/282 വോട്ടിന് ജനറല്‍ അസംബ്ലിയില്‍ സെപ്തംബര്‍ 21 തീയതി എല്ലാ വര്‍ഷവും സമാധാന ദിനം ആചരിക്കുവാന്‍ തീരുമാനിച്ചു.
സമാധാന ദിനാചരണത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് സെപ്റ്റംബര്‍ 21ന് ഒരു സമാധാന ബെല്‍ മുഴങ്ങും. ലോകസമാധാനം നീണാള്‍ വാഴട്ടെ എന്ന് വശങ്ങളില്‍ എഴുതിച്ചേര്‍ത്ത ആ ബെല്‍ ആഫ്രിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലെയും കുട്ടികള്‍ സമ്മാനിച്ച നാണയത്തുട്ടുകള്‍ കൊണ്ട് നിര്‍മ്മിച്ചതാണ്.