തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരികായി തിരച്ചില്‍ ഊര്‍ജിതം. കുട്ടിയെ കണ്ടെത്താനായി കന്യാകുമാരിയിലെ റെയില്‍വെ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. തെരച്ചിലില്‍ പൊലീസിന് വ്യക്തമായ സൂചന ലഭിച്ചില്ല. കന്യാകുമാരിയില്‍ തെരച്ചില്‍ നടത്തിയത് കുട്ടിയെ കണ്ടെന്ന് ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍. കന്യാകുമാരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സിസിടിവി ദൃശ്യം ലഭിക്കാനുള്ള സാധ്യത തള്ളി പൊലീസ്. കന്യാകുമാരിക്ക് മുമ്പുള്ള സ്റ്റേഷനുകളില്‍ പരിശോധന നടത്താന്‍ പൊലീസ്. ഇരണിയല്‍, കുഴിത്തുറ, നാഗര്‍കോവില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന മാറ്റിയേക്കും.
കന്യാകുമാരിയില്‍ കുട്ടി എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കന്യാകുമാരി റെയില്‍വെ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. ബെംഗളൂരു- കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസിലാണ് കുട്ടി തിരുവനന്തപുരത്ത് നിന്ന് യാത്രതിരിച്ചത്. ട്രെയിന്‍ വൈകിട്ട് 3.30നാണ് കന്യാകുമാരിയിലെത്തിയത്.
3.30 മുതല്‍ വൈകിട്ട് നാലു വരെയുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഇതില്‍ കുട്ടിയെ കണ്ടെത്താനായില്ല. ട്രെയിന്‍ എത്തിയ മൂന്നാം പ്ലാറ്റ്‌ഫോമിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പരിശോധിച്ചത്. കുട്ടിയെ കാണാതായിട്ട് 26 മണിക്കൂര്‍ പിന്നിട്ടിട്ടും ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടുതല്‍ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് കുട്ടിയെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.