പുതുപ്പള്ളിയിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിക്കുമെന്നും എൽ.ഡി.എഫ് സർക്കാരിന്റെ അഴിമതിക്കും നെറികേടിനും ജീർണ്ണതയ്ക്കും എതിരായ ശക്തമായ വികാരം അവിടെ പ്രതിഫലിക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി.
ദേശീയതലത്തിൽ ബി.ജെ.പിയുടെയും സംസ്ഥാനതലത്തിൽ സി.പി.എമ്മിന്റെയും ജനവിരുദ്ധ ഭരണത്തിനെതിരായ ശക്തമായ പോരാട്ടത്തിന്റെ പാതയിലാണ് കോൺഗ്രസ്. അതിൽ നിന്ന് ഒരു ഇഞ്ച് പിന്നോട്ട് പോകാൻ കോൺഗ്രസിനാകില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയർന്ന ആരോപണങ്ങൾ ശക്തമായി ജനമധ്യത്തിൽ കോൺഗ്രസ് ഉന്നയിക്കുന്നുണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
ചിന്തൻ ശിബിരിലെ തീരുമാനപ്രകാരം കോൺഗ്രസ് പ്രവർത്തകസമിതിയിൽ 50 ശതമാനം പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ളവരെ ഉൾപ്പെടുത്തുമെന്നത് അക്ഷരംപ്രതി പാലിക്കാനായി. ജനാധിപത്യ പാർട്ടി എന്ന നിലയിൽ ഏറ്റവും വിപ്ലവകരമായ പട്ടികയാണ് പുറത്തിറക്കിയത്. കോൺഗ്രസ് നേതാക്കൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രാപ്തിയും ശേഷിയും നേതൃത്വത്തിനുണ്ട്. അത് ഞങ്ങൾക്ക് വിട്ടു തരണം. മറ്റുള്ളവർ അതിൽ ആശങ്കപ്പെടേണ്ട. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ ഭംഗിയായി നേതൃത്വം പരിഹരിക്കും. ഇന്ത്യയിലെ കോൺഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന് എന്തെങ്കിലും പ്രയാസം ഉണ്ടെങ്കിൽ അത് ഉറപ്പായും പരിഹരിക്കും. അതിന് നേതൃത്വത്തിന് ഒരു മടിയുമില്ല. കോൺഗ്രസ് പ്രവർത്തകസമിതി പട്ടികയിൽ ഉൾപ്പെട്ടവർ ആരും മോശക്കാരല്ല. പരിണിതപ്രജ്ഞരെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയുള്ളതാണ് പട്ടിക. രമേശ് ചെന്നിത്തലയുടെ സേവനം പാർട്ടി ഭംഗിയായി ഉപയോഗിക്കുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.