സര്‍ക്കാറിനെതിരെ വീണ്ടും ആരോപണങ്ങളുമായി രമേശ് ചെന്നിത്തല. ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതിയെക്കുറിച്ച് ധനമന്ത്രി തോമസ് ഐസക്കിന് അറിവുണ്ടായിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം.
കോഴസാക്ഷിയായി തോമസ് ഐസക് മാറിയെന്നും ചെന്നിത്തല ആരോപിച്ചു. ഒന്നുമറിഞ്ഞില്ലെന്ന് ജനങ്ങളെ ബോധിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു. ഇടത് മുന്നണിയിലെ ഘടക കക്ഷികള്‍ പോലും മുഖ്യമന്ത്രിയെ പിന്തുണക്കുന്നില്ല. അഴിമതിയില്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്ന സര്‍ക്കാരാണിത്.
സര്‍ക്കാര്‍ സാന്നിധ്യം എല്ലാ ഇടപാടിലുമുണ്ടെന്നും സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യൂണിടാകിന് പദ്ധതി ലഭിച്ചതെന്നും ചെന്നിത്തല ആരോപിച്ചു. നാലേകാല്‍ കോടിയാണ് കോഴയെന്ന് അറിഞ്ഞിട്ടും തോമസ് ഐസക് അത് മറച്ചുവച്ചുവെന്നും മുഖ്യമന്ത്രി നിയമസഭാ സമ്മേളനത്തിന് മുന്‍പ് രാജി വയ്ക്കണമെന്നും ചെന്നിത്തല പറഞ്ഞു.