Kerala kerala Local

‘ക്ലാസിലൊരു പത്ര’വുമായി പെരുവഴികടവ് എ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍

കുന്ദമംഗലം : കുട്ടികളില്‍ പത്ര വായന പ്രോത്സാഹിപ്പിക്കാന്‍ സ്‌കൂളുകളില്‍ ഗ്രേസ് മാര്‍ക്ക് ഏര്‍പ്പെടുത്താന്‍ അധികൃതര്‍ ആലോചിക്കുന്ന സമയത്താണ് സ്വന്തമായി പത്രം തയ്യാറാക്കി ഒരു കൂട്ടം വിദ്യാര്‍ഥികള്‍ വ്യത്യസ്തരാവുന്നത്. കോഴിക്കോട് ജില്ലയിലെ പെരുവഴിക്കടവ് എ.എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥികളും അധ്യാപിക പി.കെ. ദിവ്യയുമാണ് ദിവസവും സ്വന്തമായി പത്രമിറക്കി മാതൃകയാവുന്നത്. അമ്പിളി, ആകാശം, നക്ഷത്രം, നിലാവ്, സൂര്യന്‍ എന്നിങ്ങനെ ഒരു ഗ്രൂപ്പില്‍ അഞ്ച് പേര്‍ വീതം അഞ്ച് ഗ്രൂപ്പുകളായാണ് ‘ക്ലാസിലൊരു പത്രം’ എന്ന പദ്ധതി പ്രകാരം ദിവസേന പത്രം തയ്യാറാക്കുന്നത്. ഓരോ ഗ്രൂപ്പിന്റെയും പേര് തന്നെയാണ് അതത് ദിവസങ്ങളില്‍ തയ്യാറാക്കുന്ന പത്രത്തിന്റെ പേരും. സ്‌കൂളുമായി ബന്ധപ്പെട്ട പല വിഷയങ്ങളാണ് പത്ര വാര്‍ത്തയായി വിദ്യാര്‍ഥികള്‍ തയ്യാറാക്കുന്നത്. ദിവസവും വൈകിട്ട് സ്‌കൂളിലെ എല്ലാ ക്ലാസുകളിലും അതിനായി ഏല്‍പിക്കപ്പെട്ട വിദ്യാര്‍ഥികള്‍ ചെന്ന് അന്ന് ആ ക്ലാസില്‍ എന്തെങ്കിലും പരിപാടികളോ പ്രധാനപ്പെട്ട സംഭവങ്ങളോ ഉണ്ടോയെന്ന് അന്വേഷിക്കും. വാര്‍ത്തകള്‍ ശേഖരിച്ച് ക്ലാസില്‍ വരുകയും മറ്റ് കുട്ടികള്‍ അത് വായിച്ചു നല്‍കുകയും നന്നായി എഴുതാന്‍ അറിയുന്ന വിദ്യാര്‍ഥികള്‍ അത് പത്ര വാര്‍ത്തപോലെ എഴുതുകയും ചെയ്യും. വരക്കാന്‍ അറിയുന്നവര്‍ പ്രധാന ചിത്രങ്ങള്‍ വരക്കും. ഇങ്ങനെ ഒരു ഗ്രൂപ്പിന് ആഴ്ചയില്‍ ഒരു പത്രമാണ് തയ്യാറാക്കേണ്ടി വരിക. സ്‌കൂളിലെ ഒഴിവുള്ള പിരിയഡുകളിലും മറ്റുമാണ് പത്ര നിര്‍മാണ പ്രവൃത്തികള്‍ നടക്കുക. അതാത് ദിവസങ്ങളില്‍ വാര്‍ത്ത എഴുതി തീര്‍ന്നില്ലെങ്കില്‍ ഒരു കുട്ടി വീട്ടില്‍ കൊണ്ടുപോയി പൂര്‍ത്തീകരിക്കും. അടുത്ത ദിവസം ആദ്യ പീരിയഡില്‍ പത്രം ക്ലാസില്‍ വായിക്കും. പിന്നീട് പത്രത്തിന്റെ റിവ്യൂ നടത്തും. വാര്‍ത്തകള്‍ റിപ്പീറ്റ് ചെയ്തത്, അക്ഷരത്തെറ്റുകള്‍ തുടങ്ങി പല കാര്യങ്ങളും റിവ്യൂവില്‍ പരാമര്‍ശിക്കും. ക്ലാസിലെ എല്ലാ കുട്ടികളും പത്രം വായിക്കും. ഏറ്റവും മികച്ച പത്രത്തിന് മാസത്തില്‍ സമ്മാനം നല്‍കും. പത്രം ഇറക്കിയില്ലെങ്കില്‍ മൈനസ് മാര്‍ക്ക് ഉണ്ടാകും. സ്‌കൂളില്‍ ഒഴിവ് ദിവസം വന്നാല്‍ തൊട്ടടുത്ത ദിവസം ആ ദിവസത്തെ പത്രംകൂടി വായിക്കും. മറ്റ് പത്രങ്ങളില്‍ കണ്ട് പരിചയിച്ച പോലെയാണ് കുട്ടികള്‍ വാര്‍ത്തകള്‍ നല്‍കി പത്രം രൂപകല്‍പ്പന ചെയ്യുന്നത്. സ്‌കൂളില്‍ ഉണ്ടായ പ്രധാന സംഭവം വലിയ അക്ഷരത്തില്‍ തലക്കെട്ടായി നല്‍കും.

നാലാം ക്ലാസ് അധ്യാപിക പി.കെ. ദിവ്യയാണ് ഈ പദ്ധതി കഴിഞ്ഞ വര്‍ഷം മുതല്‍ സ്‌കൂളില്‍ നടപ്പാക്കി തുടങ്ങിയത്. കുട്ടികള്‍ എഴുതാനും വായിക്കാനും ഉദ്ദേശിച്ചാണ് ഇങ്ങനെയൊരു പദ്ധതി ടീച്ചറുടെ മനസില്‍ ഉദിച്ചത്. ദിവ്യ ടീച്ചര്‍ക്ക് ഒരു പരിക്ക് പറ്റിയപ്പോള്‍ അടുത്ത ദിവസത്തെ പത്രത്തില്‍ അതൊരു പ്രധാന വാര്‍ത്തയായി. അപകടത്തിന്റെ ചിത്രം വരച്ചു ഫോട്ടോ സഹിതമാണ് കുട്ടികള്‍ വാര്‍ത്ത നല്‍കിയത്. അതുപോലെ സ്‌കൂളില്‍ ഡിവിഷന്‍ നഷ്ടമായതിനാല്‍ ഒരു അധ്യാപിക സ്‌കൂളില്‍ വരാതായപ്പോള്‍ അധ്യാപികയെ സ്‌കൂളിലേക്ക് കാണുന്നില്ല എന്ന വാര്‍ത്ത വന്നത് ദിവ്യ ടീച്ചര്‍ സങ്കടത്തോടെ ഓര്‍ക്കുന്നു. സ്‌കൂളിലെ പ്രധാനാധ്യാപിക ഇ. ഹസീനയും മറ്റ് അധ്യാപകരും പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. സ്‌കൂളിലെ ‘പത്രം’ കണ്ട് മറ്റ് സ്‌കൂളുകളിലും പത്രം ഇറക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നുണ്ട്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!