തൃശ്ശൂർ കൊട്ടേക്കാട് മത്സരയോട്ടം നടത്തി അപകടമുണ്ടായ സംഭവത്തില്‍ ഥാറിലുണ്ടായിരുന്ന രണ്ടു പേരെ തിരിച്ചറിഞ്ഞു. പൊങ്ങണങ്ങാട് സ്വദേശി ശ്രീരാഗ്,അന്തിക്കാട് സ്വദേശി അനീഷ് എന്നിവരാണ് പിടിയിലായത്. പിടിയിലായ ഡ്രൈവർ ഷെറിനൊപ്പമുണ്ടായിരുന്നവരാണ് ഇരുവരും. അപകടത്തിന് പിന്നാലെ ഓടിപ്പോയ ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ഥാർ ഓടിച്ചിരുന്ന ഷെറിൻ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. തൃശ്ശൂർ ജില്ലാ ആശുപത്രിയിലാണ് ഷെറിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയത്. മത്സര ഓട്ടത്തിനിടെയാണ് ജീപ്പും ടാക്സി കാറും കൂട്ടിയിടിച്ചത്. ടാക്സി കാറിൽ ഇടിച്ചത് ബിഎംഡബ്ലിയു കാറാണെന്ന് ഷെറിൻ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. റൈസ ഉമ്മർ എന്ന ആളുടെ പേരിൽ ഗുരുവായൂർ രജിസ്ട്രേഷനിലുള്ളതാണ് ഥാർ.മദ്യപിച്ച് വാഹനം ഓടിച്ചതിനും മനപ്പൂര്‍വ്വമായ നരഹത്യക്കും ഷെറിനെതീരെ കേസ് എടുത്തിട്ടുണ്ട്. ബി എം ഡബ്ല്യു കാറും ഥാറും അമിതവേഗതയിലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ഇന്നലെ രാത്രി 10 മണിയോടെ കൊട്ടേക്കാട് സെന്‍ററിൽ വച്ചാണ് ഥാർ ജീപ്പ്, ടാക്സി കാറിലിടിച്ച് അപകടമുണ്ടായത്. മത്സര ഓട്ടം നടത്തിയ കാറിടിച്ച് പരുക്കേറ്റ 4 പേർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. അപകടത്തിൽ പാടൂക്കാട് സ്വദേശി രവിശങ്കറാണ് നേരത്തേ മരിച്ചിരുന്നു. രവിശങ്കറിന്‍റെ ഭാര്യ മായ, മകൾ വിദ്യ, ചെറുമകൾ ഗായത്രി, ടാക്സി ഡ്രൈവർ രാജൻ എന്നിവരാണ് ചികിത്സയിലുള്ളത്. മറ്റൊരു ബി എം ഡബ്ല്യു കാറുമായി മത്സര ഓട്ടം നടത്തി വരുന്നതിനിടെയായിരുന്നു ഥാർ, ടാക്സി കാറിലിടിച്ചത്. എതിര്‍ദിശയില്‍ നിന്നുവന്ന ഥാര്‍ കാറില്‍ ഇടിച്ചുകയറുകയായിരുന്നു.