കോഴിക്കാട്: ജീവന് തന്നെ ഭീഷണി ഉയർത്തി കുന്ദമംഗലം മുപ്രക്കുന്ന് ഹരിജൻ കോളനിയിൽ മുപ്പതടി ഉയരത്തിൽ മണ്ണെടുത്ത് യാതൊരു സുരക്ഷയുമില്ലാതെ കൂറ്റൻ കെട്ടിടം നിർമ്മിക്കുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ജില്ലാ കളക്ടർ,കുന്ദമംഗലം പഞ്ചായത്ത് സെക്രട്ടറി എന്നിവർ പരാതിയെ കുറിച്ച് അന്വേഷിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു.
മണ്ണെടുത്തതോടെ മുപ്പതടി ഉയരത്തിലാണ് മുൻ ഓട്ടോ തൊഴിലാളിയായ ബാബുവും കുടുംബവും താമസിക്കുന്നത്. ബാബു ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയാണ്. കെട്ടിടം പണി നടക്കുന്നതിനാൽ ബാബുവിന്റെ വീടിന്റെ അടുക്കള ഭാഗത്ത് വിള്ളലുണ്ട്. മണ്ണെടുത്ത ഭാഗം സുരക്ഷിതമായി കെട്ടിയുറപ്പിക്കണമെന്ന് കെട്ടിടം ഉടമയോട് ബാബു ആവശ്യപ്പെട്ടെങ്കിലും കേട്ടില്ല. ഏതു സമയത്തും തന്റെ വീട് ഇടിഞ്ഞു വീഴുമെന്ന ഭയത്തിലാണ് ബാബു. സർക്കാർ പിന്നാക്കവിഭാഗങ്ങൾക്ക് പതിച്ചുനൽകിയ സ്ഥലം കൈമറിഞ്ഞാണ് കെട്ടിടനിർമ്മാണം നടത്തുന്നയാളിന്റെ കൈയിലെത്തിയത്. മുപ്രക്കുന്നിലും പരിസരത്തുമുള്ള മലകളാണ് ഇവിടെത്തെ ജലസ്രോതസ്. മല ഇടിച്ചുനിരത്തി കെട്ടിടം നിർമ്മിക്കുമ്പോൾ അപകടത്തിലാകുന്നത് നിരവധി കുടുംബങ്ങളാണ്.
കുന്ദമംഗലം ന്യൂസ്.ഡോട്ട് കോം പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

