ടെഹ്റാന്‍: ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ എയ്താര്‍ തബതബായി കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍. കഴിഞ്ഞയാഴ്ച ഇറാനിയന്‍ പ്രദേശത്ത് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് എയ്താര്‍ തബതബായിയും ഭാര്യയും കൊല്ലപ്പെട്ടതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി മെഹര്‍ സ്ഥിരീകരിച്ചു.
ഇറാന്റെ ആണവ പദ്ധതിയിലെ പ്രധാന ശാസ്ത്രജ്ഞനായിരുന്നു എയ്താര്‍ തബതബായി. പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ഒരു ഗവേഷണ കേന്ദ്രത്തില്‍ അദ്ദേഹം ജോലി ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാനുമായുള്ള സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ആണവ ശാസ്ത്രജ്ഞരെ ലക്ഷ്യംവെച്ചുള്ള ഇസ്രായേല്‍ ആക്രമണങ്ങള്‍ തുടരുകയാണ്.
അതേസമയം, മറ്റൊരു ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡറെ കൂടെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ രാത്രിയില്‍ നടത്തിയ ആക്രമണത്തില്‍ ഗാര്‍ഡിന്റെ രണ്ടാമത്തെ കമാന്‍ഡറായ ബെന്‍ഹാം ഷരിയാരിയെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ സൈന്യത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കമാന്‍ഡര്‍മാരുടെ കൊലപാതകത്തെക്കുറിച്ച് ഐആര്‍ജിസിയില്‍ നിന്ന് സ്ഥിരീകരണമൊന്നുമില്ല.