കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ കണ്ണപ്പൻകുണ്ട് എന്ന സ്ഥലത്ത് കഴിഞ്ഞ വർഷ മുണ്ടായ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട സുബൈദ എന്ന വ്യക്തിയ്ക്ക് സർക്കാർ സഹായം ലഭിച്ചില്ലെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിൽ ജില്ലാ കലക്ടർ വ്യക്തത വരുത്തി.
വീടും സ്ഥലത്തിന്റെ ഒരു ഭാഗവും നഷ്ടപ്പെട്ട വ്യക്തിയാണ് സുബൈദ. വീടും സ്ഥലവും നഷ്ടപ്പെട്ട സുബൈദക്ക് വീടിനും സ്ഥലത്തിനും അർഹതയുണ്ടെന്ന് വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്തെങ്കിലും തനിയ്ക്ക് വീടിനുള്ള പണം മാത്രം നൽകിയാൽ മതിയെന്നാണ് സുബൈദ തഹസിൽദാർ മുമ്പാകെ ബോധിപ്പിച്ചത്. പ്രളയത്തിൽ നഷ്ടപ്പെട്ട സ്ഥലത്തിന്റെ ശേഷിക്കുന്ന ഭാഗം വീട് വയ്ക്കുന്നതിന് അനുയോജ്യമല്ലെന്ന് വില്ലേജ് ഓഫീസറും പഞ്ചായത്ത് അധികൃതരും സാക്ഷ്യപ്പെടുത്തിയിട്ടും ഈ സ്ഥലത്തിന് പകരം മറ്റൊരു സ്ഥലത്തേയ്ക്ക് മാറാൻ സുബൈദ തയ്യാറായില്ല. ശേഷിക്കുന്ന ഭൂമിയിൽ രണ്ട് കടകൾ സ്വന്തമായി നടത്തുന്ന സുബൈദ ഈ സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറാൻ വിസമ്മതിക്കുകയായിരുന്നു. സുബൈദക്ക് സ്ഥലം വാങ്ങാൻ സഹായധനം അനുവദിക്കണമെന്ന വില്ലേജ് ഓഫീസറുടെ ശുപാർശ സുബൈദ നിരസിച്ച് തഹസിൽദാർക്ക് സത്യവാങ്മൂലം നൽകി. ഈ അടിസ്ഥാനത്തിൽ വീട് വയ്ക്കുന്നതിനാവശ്യമായ നാല് ലക്ഷം രൂപയുടെ ആദ്യ ഗഡുവായ ഒരു ലക്ഷം രൂപ സുബൈദയ്ക്ക് അനുവദിച്ചു നൽകിയിട്ടുണ്ട്. സുബൈദ 10 സെന്റ് സ്ഥലം വേറെ വാങ്ങുകയും വീടിന്റെ പണി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വീടിന്റെ ആദ്യ ഘട്ട നിർമ്മാണം പൂർത്തീകരിക്കുന്ന മുറയ്ക്ക് തുടർന്നുള്ള ഗഡുക്കളും അനുവദിച്ചു നൽകും.
പ്രളയത്തെ തുടർന്ന് ഇന്ന് ഭാഗികമായും പൂർണമായും തകർന്ന വീടുകളുടെ പുനർനിർമാണവും പുനരധിവാസവും ജില്ലയിൽ ക്രിയാത്മകമായി പുരോഗമിക്കുന്നുണ്ടെന്നും ജില്ലാ കലക്ടർ പറഞ്ഞു.
2018-ലെ പ്രളയത്തില്‍ കോഴിക്കോട് ജില്ലയില്‍ 232 വീടുകള്‍ പൂര്‍ണ്ണമായും 5048 വീടുകള്‍ ഭാഗികമായും തകരുകയുണ്ടായി. ഇതില്‍ സ്വന്തമായി വീട് നിര്‍മ്മിക്കാന്‍ സമ്മതപത്രം നല്‍കിയ 150 ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മാണത്തിന്റെ തോതനുസരിച്ച് ധനസഹായം നല്‍കി വരുന്നുണ്ട്. മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും മുന്‍കൂറായി ഒന്നാം ഗഡു അനുവദിച്ചു.. 25%വീട് പണി പൂര്‍ത്തീകരിച്ച 98 ഗുണഭോക്താക്കള്‍ക്ക് രണ്ടാം ഗഡുവും 75% പൂര്‍ത്തീകരിച്ച 46 ആളുകള്‍ക്ക് മൂന്നാം ഗഡുവും അനുവദിച്ചിട്ടുള്ളതാണ്. ‘കെയര്‍ഹോം’ പദ്ധതി മുഖേന 44 വീടുകളുടെ നിര്‍മ്മാണം നടത്തിയിട്ടുള്ളതാണ്. 18 കേസുകളില്‍ സ്റ്റേറ്റ് സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍ ഈ ഗുണഭോക്താക്കളെ കെയര്‍ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മറ്റ് 20 കേസുകളില്‍ സ്പോണ്‍സര്‍മാര്‍ മുഖേന വീട് നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളതാണ്.
സ്വന്തമായി വീട് നിര്‍മ്മിക്കാന്‍ സമ്മത പത്രം നല്‍കി ആദ്യ ഗഡു കൈപ്പറ്റിയ 15 ഒാളം പേര്‍ വീട് നിര്‍മ്മാണം ആരംഭിച്ചിട്ടില്ലാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിലവിലെ വീടുകള്‍ അറ്റകുറ്റപ്പണി നടത്തി താമസിയ്ക്കാന്‍ ആഗ്രഹിക്കുന്നവരും കുടുംബ സ്വത്തായതിനാല്‍ അവകാശ വാദം നിലനില്‍ക്കുന്നതിനാല്‍ ആരംഭിക്കാത്തവരും ഇതില്‍പ്പെടുന്നു.
2018-ലെ പ്രളയത്തില്‍ കോഴിക്കോട് ജില്ലയില്‍ പുറമ്പോക്ക് ഭൂമിയില്‍ നിര്‍മ്മിച്ച 2 വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ഇവര്‍ക്ക് ‘റീബില്‍ഡ്’ പദ്ധതി പ്രകാരം 6 ലക്ഷം രൂപ അനുവദിക്കുകയും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഗുണഭോക്താക്കള്‍ക്ക് കെയര്‍ഹോം മുഖേന വീട് നിര്‍മ്മിച്ചു നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.കോഴിക്കോട് ജില്ലയില്‍ വാസഭൂമി നഷ്ടപ്പെട്ട 15 കേസുകളുണ്ട്. ഇതിൽ14 പേര്‍ക്ക് ഭൂമി വാങ്ങിയിട്ടുണ്ട്. ഒരു കേസില്‍ അപേക്ഷകയ്ക്ക് സ്വന്തമായി വാസയോഗ്യമായ ഭൂമി നിലവിലുള്ളതാണ്.