കഴിഞ്ഞ രണ്ട് വര്ഷങ്ങൾക്ക് മുൻപ് അതായത് 2018 മെയ് 21 ന് മലയാളികളെ അകെ സങ്കടത്തിലാഴ്ത്തി നിപ വൈറസ് ബാധയേറ്റ രോഗികളെ പരിചരിക്കുന്നതിനിടെ രോഗം പടർന്ന് ലിനിയെന്ന മാലാഖ നമ്മെ വിട്ട് പിരിഞ്ഞു. രണ്ടു വർഷം പിന്നിടുമ്പോഴും ഇന്നും മരിക്കാതെ നമ്മുടെ മനസ്സിൽ ജീവിച്ചിരുപ്പുണ്ട് ലിനി നിങ്ങൾ.
പറക്കമുറ്റാത്ത തന്റെ രണ്ട് കുഞ്ഞുങ്ങളെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും കഴിയാതെ തന്റെ പ്രവാസിയായിരുന്ന ഭർത്താവ് സജീഷിന് അവസാന വാക്കുകൾ കത്തിലൂടെ കുറിച്ച് മാലാഖ നമ്മെ വിട്ടു പിരിഞ്ഞു പോകുമ്പോൾ ഒരു സമൂഹം മുഴുവൻ അവളുടെ വേദനയിൽ പങ്കു ചേർന്നു.
‘അമ്മയുടെ മടങ്ങി വരവും കാത്തിരിക്കുന്ന റിഥുലും രണ്ടു വയസുകാരന്‍ സിദ്ധാര്‍ത്ഥും ഭർത്താവ് സജീഷും ഇന്നും അവളുടെ ഓർമകളിൽ ജീവിക്കുന്നു.
സഹജീവി സ്നേഹം മാത്രമായിരുന്നു നഴ്സിങ് മേഖലയിലേക്കുള്ള അവളുടെ കാലെടുത്ത് വെപ്പിന് പ്രചോദനം. തുച്ഛമായ ശമ്പളത്തിന് വിവിധ സ്വകാര്യ ആശുപത്രികളില്‍ വര്‍ഷങ്ങളായി ജോലി നോക്കിയിരുന്ന ലിനി രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള വരുമാനം പോലും ലഭിച്ചിരുന്നില്ലെങ്കിലും തന്റെ ജോലിയില്‍ എല്ലായ്‌പ്പോഴും കര്‍മ്മനിരതയായിരുന്നു. ഇന്ന് സർക്കാരുകൾ ആരോഗ്യ പ്രവർത്തകർക്ക് സംരക്ഷകരായി മാറി കഴിഞ്ഞു. സമൂഹം ഈ കോവിഡ് കാലത്ത് ഇവരെ ആദരിച്ചു തുടങ്ങി. ഒരുപക്ഷേ ലിനിയുടെ മരണത്തിനു ശേഷം ജനങ്ങളിൽ ചിലരിലെങ്കിലും നെഴ്‌സ് മാരോടുള്ള സമീപനത്തിൽ മാറ്റം വരുത്തി
ഈ ഓർമ്മ ദിനത്തിൽ ലിനിയുടെ ഭർത്താവ് സജീഷിന്റെ വാക്കുകൾ ഇങ്ങനെയാണ്.
ലിനി….
നിന്റെ വേർപാടിന് ഇന്ന് രണ്ട് വയസ്സ്
ലോകം ഇന്ന് മറ്റൊരു വൈറസിനോട് പൊരുതികൊണ്ടിരിക്കുകയാണ്.
നീ പകർന്ന് നൽകിയ കരുതൽ
നീ കാണിച്ച ആത്മസമർപ്പണം
നീ കാണിച്ച മാതൃക
ഇന്നീ കോവിഡിന്റെ മുൻപിലും ഞങ്ങൾക്ക് ധൈര്യം നൽകുന്നു.
നീ അവസാനം കുറിച്ചിട്ട വാക്കുകൾ ഞങ്ങൾക്കുളള ജീവിതമാണ്. റിതുലും സിദ്ധാർത്ഥും എല്ലാം തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. രണ്ട് പേരും നിന്റെ ആഗ്രഹം പോലെ ഗൾഫിൽ പോയി സന്തോഷത്തോടെ തിരിച്ച് വന്നു.
ഒരു കാര്യത്തിൽ ഞാൻ ഭാഗ്യവാൻ ആണ്
ഭൂമിയിലെ മാലാഖയോടൊപ്പം കുറച്ചകാലം ഒന്നിച്ച് ജീവിക്കാൻ പറ്റിയതിന്.
മരിക്കുകയില്ല നീ ലിനി….
തന്റെ മുഖ പുസ്തകത്തിലൂടെയാണ് അദ്ദേഹം ഈ വാക്കുകൾ കുറിച്ചത്.
അതെ ലിനി ഭൂമിയിലെ മാലാഖയെ തിരിച്ചറിയാൻ ഈ സമൂഹത്തിന് വഴി കാട്ടിയായത് നീയാണ് ഇന്നീ കോവിഡ് കാലത്ത് നിന്റെ പിന്മുറക്കാർ നിന്റെ ഓർമകളിൽ നിന്നെയും ചേർത്ത് സേവനത്തിലാണ്. ഈ നാടിനെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ്. പ്രിയ സോദരിയുടെ ഓർമകൾക്ക് മുൻപിൽ കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിന്റെ ആദരാഞ്ജലികൾ