ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് റഷ്യയിലെ മോസ്കോയിലേക്ക് പോയ വിമാനം അഫ്ഗാനിസ്താനില്‍ തകര്‍ന്നുവീണു. അഫ്ഗാനിലെ ടോപ്ഖാന മലനിരകളിലാണ് വിമാനം തകര്‍ന്നത്. അഫ്ഗാന് വാര്‍ത്ത ഏജന്‍സി ടോളോയാണ് വിവരം പുറത്തുവിട്ടത്. സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരെ അയച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.
വിമാനത്തില്‍ ഇന്ത്യക്കാര്‍ ആരുമില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഉസ്ബെക്കിസ്താന് വഴി മോസ്കോയിലേക്ക് പോവുകയായിരുന്ന ചാര്‍ട്ടര്‍ ഫ്ലൈറ്റാണ് അപകടത്തില്‍പ്പെട്ടതെന്ന് വാര്‍ത്ത ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച രാവിലെയാണ് സംഭവം. ആറ് യാത്രക്കാരുമായി വന്ന റഷ്യന്‍ രജിസ്ട്രേഡ് വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായതായി റഷ്യന്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചിരുന്നു. ചാര്‍ട്ടര്‍ ചെയ്ത ആംബുലന്‍സ് വിമാനമാണിത്.