പി ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം തള്ളി. പ്രമേയാവതാരകന്റെയും പ്രതിപക്ഷ അംഗങ്ങളുടെയും ആരോപണത്തിന് പി ശ്രീരാമകൃഷ്ണന്‍ മറുപടി നല്‍കിയതിന് പിന്നാലെ പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇതോടെ വോട്ടിംഗിനിടാതെ പ്രമേയം തള്ളിയതായി സഭ നിയന്ത്രിച്ച ഡപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി.
17 വര്‍ഷത്തിന് ശേഷമാണ് കേരള നിയമസഭയില്‍ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. രണ്ട് മണിക്കൂര്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച മൂന്ന് മണിക്കൂറും 45 മിനുട്ടും നീണ്ടു. സ്പീക്കര്‍ സഭയില്‍ നടത്തിയ നവീകരണത്തില്‍ അഴിമതിയും ധൂര്‍ത്തും ആരോപിച്ച പ്രതിപക്ഷം സ്വര്‍ണക്കള്ളക്കടത്തിലും ഡോളര്‍ കടത്തിലും അദ്ദേഹത്തിന് ബന്ധമുണ്ടെന്നും ആരോപിച്ചു. മുഖ്യമന്ത്രിയും ഭരണപക്ഷ അംഗങ്ങളും ശക്തമായി സ്പീക്കറെ പിന്തുണച്ച് രംഗത്ത് വന്നു. സ്പീക്കറും ശക്തമായ രാഷ്ട്രീയ മറുപടികളിലൂടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തള്ളണമെന്ന് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് വോട്ടെടുപ്പിന് നില്‍ക്കാതെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.
എം ഉമ്മര്‍ സമര്‍പ്പിച്ച അവിശ്വാസ പ്രമേയ നോട്ടീസില്‍ തെളിവോ വസ്തുതകളോ ഇല്ലെന്നും അഭ്യൂഹങ്ങള്‍ മാത്രമേയുള്ളൂവെന്നും വാദിച്ച് എസ് ശര്‍മ പ്രമേയം തള്ളണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പ്രമേയം തള്ളുന്നില്ലെന്ന് ഡപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. തുടര്‍ന്ന് എം ഉമ്മര്‍ അടിയന്തിര പ്രമേയം അവതരിപ്പിച്ചു.
പ്രതിപക്ഷത്തെ കടന്നാക്രമിച്ചാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മറുപടി നല്‍കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പോഴും കെ.എസ്.യു സംസ്ഥാന അധ്യക്ഷനെ പോലെയാണ് സംസാരിക്കുന്നത്. കെ.എസ്.യു നേതാവില്‍ നിന്നും അദ്ദേഹം ഇനിയും വളര്‍ന്നിട്ടില്ല. പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ കഥകളിയിലെ പകര്‍ന്നാട്ടക്കാരനെ പോലെയാണെന്നും സ്പീക്കര്‍ തിരിച്ചടിച്ചു. ആരോപണങ്ങളെ അക്കമിട്ട് നിരത്തി അദ്ദേഹം പ്രതിരോധിച്ചു.
സ്വപ്നയുമായി ബന്ധമുണ്ടെന്ന് സ്പീക്കര്‍ തന്നെ സമ്മതിച്ചാണ്. മാധ്യമവാര്‍ത്തകള്‍ക്കെതിരെ സ്പീക്കര്‍ നിയമ നടപടി സ്വീകരിച്ചില്ല. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കാനാണ് പ്രമേയം. നയപ്രഖ്യാപന പ്രസംഗം നടക്കുമ്പോള്‍ സ്പീക്കറുടെ സ്റ്റാഫിനെ കസ്റ്റംസ് ചോദ്യം ചെയ്തു. സഭയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടിയിലേറെ രൂപ ചെലവഴിച്ചു. സ്പീക്കറായിരിക്കെ ശ്രീരാമകൃഷ്ണന്‍ വരുത്തിവച്ച ദുര്‍ഗന്ധം ഒരിക്കലും മായില്ലെന്ന് ഉമ്മര്‍ ആരോപിച്ചു.
സ്പീക്കര്‍ കുറ്റം ചെയ്തുവെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ വെറുതെ ഇരിക്കുമോയെന്ന് എസ് ശര്‍മ ചോദിച്ചു. സഭ ടിവി തെറ്റാണോ? എവിടെയാണ് അഴിമതി? അവിശ്വാസ പ്രമേയത്തില്‍ ഉമ്മര്‍ പറഞ്ഞ തെളിവ് എവിടെയാണ്? സ്പീക്കര്‍ ചെയ്ത തെറ്റെന്താണ്? സ്വപ്നയ്‌ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തതാണെങ്കില്‍ പ്രതിപക്ഷ നേതാവ് ചെയ്തതും സമാനമായ തെറ്റല്ലേ. തന്നിഷ്ടം പോലെ വിശദീകരിച്ച് തെറ്റായ വാദം ഉന്നയിച്ചാല്‍ ജനം മാപ്പ് നല്‍കില്ല. സ്വപ്നയുടെ സ്വഭാവം അറിയുമായിരുന്നെങ്കില്‍ പ്രതിപക്ഷ നേതാവും ശ്രീരാമകൃഷ്ണനും അവരോട് സംസാരിക്കുമായിരുന്നില്ലെന്നും ശര്‍മ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടന്നാല്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് പിടി തോമസ് പറഞ്ഞു. സ്വര്‍ണക്കടത്ത് – ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ ഇതിനോടകം കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തു. സ്പീക്കറുടെ നിരവധി വിദേശയാത്രകളില്‍ ഡോളര്‍ കടത്തിയെന്ന സംശയമുണ്ട്. 72 കോടിക്ക് രൂപയ്ക്കാണ് കേരള നിയമസഭ നിര്‍മ്മിച്ചത്. അതിലേറെ പണം ഈ സ്പീക്കര്‍ ഇതിനോടകം ചിലവഴിച്ചിട്ടുണ്ടെന്നും പിടി തോമസ് പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ തൊട്ടടുത്തിരുത്തി ഭക്ഷണം കൊടുത്ത് നര്‍മ സംഭാഷണം നടത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് ആറന്മുള എംഎല്‍എ വീണ ജോര്‍ജ്ജ്. സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണത്തിന് അടിസ്ഥാനമില്ല. സംസ്ഥാന സര്‍ക്കാര്‍ ഭരണമികവില്‍ രാജ്യത്ത് ഒന്നാമതെന്ന റെക്കോര്‍ഡുകള്‍ നേടുമ്പോള്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന റെക്കോര്‍ഡാണ് പ്രതിപക്ഷത്തിനെന്നും വീണ ജോര്‍ജ് പറഞ്ഞു
സ്പീക്കര്‍ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി സ്വര്‍ണക്കടത്ത് കേസിലടക്കം ആരോപണവിധേയനായിട്ടുണ്ടെന്ന് ബിജെപി അംഗം ഒ രാജഗോപാല്‍ പറഞ്ഞു. സ്പീക്കര്‍ സഭയിലെ എല്ലാ അംഗങ്ങള്‍ക്കും മാതൃകയാവേണ്ട വ്യക്തിയാണ്. പൊതുപ്രവര്‍ത്തകര്‍ പലതരം സമ്മര്‍ദ്ദങ്ങള്‍ക്കും വശീകരണങ്ങള്‍ക്കും വഴിപ്പെട്ടുപോകാന്‍ പാടില്ല. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ തിരിച്ചറിയാനും അകറ്റി നിര്‍ത്താനും പൊതുപ്രവര്‍ത്തകര്‍ക്ക് സാധിക്കണം മറിച്ച് അവര്‍ക്കൊപ്പം നീങ്ങേണ്ടി വരുന്നത് ദുഖകരമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ അംഗങ്ങള്‍ക്ക് അടിയന്തര മാനസിക ചികിത്സ വേണമെന്ന് ജെയിംസ് മാത്യു പറഞ്ഞു. കുതന്ത്രങ്ങളെല്ലാം തദ്ദേശതെരഞ്ഞെടുപ്പ് ഫലത്തോടെ അവസാനിച്ചുവെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ ഈ പൊറാട്ടു നാടകത്തിന്റെ രണ്ടാം അങ്കത്തിനാണ് ഈ അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫ് തുടക്കമിടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സ്പീക്കര്‍ക്കെതിരായ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തെ നിശിതമായി വിമര്‍ശിച്ചും, അക്കമിട്ട് തിരിച്ചടിച്ചും എം സ്വരാജ് എംഎല്‍എ. ഈ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ സൃഷ്ടിപരമായ ഒരു ആശയവും ഉയര്‍ന്നുവന്നിട്ടില്ല. ശൂന്യതയില്‍ നിന്നുണ്ടാകുന്ന ബഹളമാണ്. പ്രമേയാവതാരകന്‍ സ്പീക്കറെ അഭിനന്ദിച്ചുവെന്നും സ്വരാജ് ചൂണ്ടിക്കാട്ടി.