കാരന്തൂര്‍ ടൗണില്‍ കെഎസ്ഇബി പുതുതായി സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മര്‍ പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. എട്ട് ലക്ഷം രൂപയാണ് ഈ ട്രാന്‍സ്‌ഫോര്‍മറിന് വേണ്ടി ചെലവ് വന്നത്. കാരന്തൂര്‍ ടൗണില്‍ ഒരു ട്രാന്‍സ്‌ഫോര്‍മര്‍ ഇല്ലാതിരുന്നതിനാല്‍ ഓവുങ്ങര ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നായിരുന്നു വൈദ്യുതി ലഭ്യമാക്കിയിരുന്നത്. ഈ ട്രാന്‍സ്‌ഫോര്‍മറില്‍ ഓവര്‍ലോഡ് കാരണം കാരന്തൂരിലും പരിസരങ്ങളിലും വൈദ്യുതി തടസം പതിവായിരുന്നു.
സ്ഥലം ലഭ്യമാക്കുകയെന്നതായിരുന്നു പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതില്‍ നേരിട്ട വലിയ വെല്ലുവിളി ഇക്കാര്യത്തിന് കെഎസ്ഇബി കുന്ദമംഗലം സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ എംഎല്‍എ മുഖേന ജില്ല കലക്ടറെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കാരന്തൂര്‍ വില്ലേജ് ഓഫീസ് കോംപൗണ്ടില്‍ അനുവദിച്ച് കിട്ടിയ ഒന്നര സെന്റ് സ്ഥലത്താണ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചത്.
100 കെവിയാണ് ഇപ്പോള്‍ സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറിന്റെ വിതരണശേഷി. 500 കെവിഎ വരെ ഉയര്‍ത്താന്‍ സാധിക്കുന്ന വിധത്തിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. ഈ ട്രാന്‍സ്‌ഫോര്‍മര്‍ കമ്മീഷന്‍ ചെയ്‌തോടെ കാരന്തൂരിലും പരിസര പ്രദേശങ്ങളിലും തടസരഹിതമായ വൈദ്യുതി ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് പൂര്‍ത്തീകരിക്കപ്പെട്ടത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ് പടനിലം, ഷൈജ വളപ്പില്‍, ബഷീര്‍ പടാളിയില്‍, സനില വേണുഗോപാലന്‍ , എം.കെ മോഹന്‍ദാസ് , എന്‍ വേണുഗോപാലന്‍ നായര്‍ സംസാരിച്ചു.
കെഎസ്ഇബി കുന്ദമംഗലം സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ടി. അജിത്ത് സ്വാഗതവും സബ് എഞ്ചിനീയര്‍ എം.വി ഷിജു നന്ദിയും പറഞ്ഞു.