നേപ്പാളില്‍ ഹോട്ടലില്‍ വിഷവാതകം ശ്വസിച്ച് കുന്ദമംഗലം സ്വദേശികള്‍ ഉള്‍പ്പെടെ 8 പേര് മരിച്ചു. 15 അംഗ സംഘത്തിലെ രണ്ട് കുടുംബങ്ങളിലുള്ളവരാണ് മരിച്ചത്. നേപ്പാളിലെ ദാമനിലെ ഹോട്ടലില്‍ താമസിച്ചിരുന്ന ഇവര്‍ ഹോട്ടലിലെ ഹീറ്ററില്‍ നിന്നും വിഷവാതകം പുറത്ത് വന്നത് ശ്വസിച്ച് മരണപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ മുഖേന ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രവീണ്‍ കുമാര്‍ നായര്‍ (39), ശരണ്യ (34), രഞ്ജിത്ത് കുമാര്‍ ടി ബി (39), ഇന്ദു രഞ്ജിത്ത്, ശ്രീഭദ്ര (9), അഭിനവ് (9), അഭി നായര്‍, വൈഷ്ണവ് എന്നിവരാണ് മരിച്ചത്.
മരിച്ച ഒരു കുടുംബം ചെങ്കോട്ടുകോണം സ്വദേശികളും രണ്ടാം കുടുംബം കോഴിക്കോട് കുന്ദമംഗലം പുനത്തില്‍ താമസിക്കുന്നവരുമാണ്.
തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് 15 അംഗ സംഘം റിസോര്‍ട്ടില്‍ എത്തിയത്. ആകെ നാല് മുറികളായിരുന്നു ഇവര്‍ ബുക്ക് ചെയ്തിരുന്നത്. എട്ടുപേര്‍ ഒരു മുറിയില്‍ താമസിച്ചു. ബാക്കിയുള്ളവര്‍ മറ്റു മുറികളിലുമായിരുന്നു. ഇതിനിടെ രാത്രി ഗ്യാസ് ഹീറ്റര്‍ പ്രവര്‍ത്തിച്ചപ്പോള്‍ വാതകം മുറിയില്‍ വ്യാപിച്ചതാകാം മരണകാരണമെന്നാണ് സംശയം. മുറിയിലെ ജനലുകളും വാതിലുകളുമെല്ലാം അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നുവെന്നാണ് മാനേജറുടെ മൊഴി.

