മംഗളുരുവില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെന്റ് ലോക്ക് ആശുപത്രിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ റിപ്പോര്‍ട്ടര്‍മാരും കാമറാമാന്‍മാരും അടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്.
ക്യാമറയടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. പൊലീസ് ബലം പ്രയോഗിച്ച് റിപ്പോര്‍ട്ടിംഗ് തടഞ്ഞു. മാതൃഭൂമി, ഏഷ്യാനെറ്റ്, 24, മീഡിയ വണ്‍ ചാനലുകളുടെ പത്ത് പേരടങ്ങുന്ന വാര്‍ത്താസംഘത്തെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മംഗളൂരുവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ തടയുന്നതിന്റെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. പി.എസ് ഹര്‍ഷയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. കര്‍ഫ്യൂ മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാണെന്ന് പോലീസ് പറഞ്ഞു. പോലീസ് വാഹനത്തിലാണ് ഇവരെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്. ഇവരുടെ ഫോണുകളും കാമറകളും പിടിച്ചെടുത്തു.

