തിരുവനന്തപുരം: ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍. സ്‌പെയിനില്‍ അര്‍ജന്റീന ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയെന്ന് മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷമാണ് അര്‍ജന്റീന ടീം എത്തുക. സര്‍ക്കാര്‍ സഹായത്തിലാകും മത്സരം നടത്തുക. മത്സര വേദിയായി കൊച്ചി പ്രഥമ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. ഫിഫ അധികൃതര്‍ കേരളത്തിലെത്തി ഗ്രൗണ്ട് പരിശോധന നടത്തും.
കേരളത്തിലെ ഫുട്ബാള്‍ പ്രേമികളെ സംബന്ധിച്ച് വലിയ സന്തോഷം നല്‍കുന്നതാണ് അര്‍ജന്റീനയുടെ വരവ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമാണ് അര്‍ജന്റീന. ജനകീയ മത്സരമായി നടത്താനാണ് സര്‍ക്കാര്‍ നീക്കം. അര്‍ജന്റീനക്കെതിരെ കളിക്കുന്ന എതിര്‍ ടീം വിദേശ ടീമായിരിക്കും. രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നാണു പുറത്തുവരുന്ന വിവരം. ഏഷ്യയിലെ പ്രമുഖ ടീമിനെത്തന്നെ അര്‍ജന്റീനയെ നേരിടാന്‍ ഇറക്കാനാണു സാധ്യത.