മുംബൈ/റാഞ്ചി: മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്ക് 4,136 പേരാണ് ജനവിധി തേടുന്നത്. ശിവസേന, ബി.ജെ.പി, എന്‍.സി.പി കൂട്ടുകെട്ടിലെ മഹായുതിയും കോണ്‍ഗ്രസ്, ശിവസേന-യു.ബി.ടി, എന്‍.സി.പി-എസ്.പി കൂട്ടുകെട്ടിലെ മഹാവികാസ് അഘാഡിയും (എം.വി.എ) തമ്മിലാണ് മുഖ്യ പോരാട്ടം.
ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 38 മണ്ഡലങ്ങളിലേക്കാണ് ജനവിധി തേടുന്നത്. 1.23 കോടി സമ്മതിദായകരാണ് വോട്ട് രേഖപ്പെടുത്തുന്നത്. ഇതില്‍ 60.79 ലക്ഷം വനിതകളാണ്. 14,000ലധികം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഝാര്‍ഖണ്ഡില്‍ നവംബര്‍ 13ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 43 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ വിധിയെഴുതിയിരുന്നു.
മഹാരാഷ്ട്രയില്‍ വിമതര്‍ ഉള്‍പ്പെടെ 2,086 സ്വതന്ത്രരും പ്രാദേശിക പാര്‍ട്ടികളും മുന്നണികളിലെ സൗഹൃദ പോരും വിധി നിര്‍ണയത്തില്‍ മുഖ്യ പങ്കുവഹിക്കും.
കേരളത്തിനു പുറമെ യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ 14 നിയമസഭ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പും ഇന്ന് നടക്കും. 23നാണ് വോട്ടെണ്ണല്‍.