ഭിന്നശേഷിക്കാരായ കുരുന്നുകള്‍ക്ക് മുന്നോട്ടുള്ള യാത്രക്ക് കൂട്ടാവാന്‍ നന്മണ്ട ഗ്രാമപഞ്ചായത്ത് ഒരുക്കിയ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററിന്റെ പുതിയ കെട്ടിടം വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജനകീയ പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഗ്രാമപഞ്ചായത്ത് നേതൃത്വം നല്‍കുന്നതെന്നും പുതിയ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എ ഫണ്ടില്‍നിന്ന് 40 ലക്ഷവും ഗ്രാമപഞ്ചായത്ത് ഫണ്ടില്‍നിന്ന് എട്ട് ലക്ഷവും രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം ഒരുക്കിയത്. 2015ല്‍ സ്ഥാപിച്ച ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമായി വന്നതോടെയാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. നാരകശ്ശേരി റോഡിലെ വനിതാ വ്യവസായ കേന്ദ്രത്തിനടുത്തുള്ള പുതിയ കെട്ടിടത്തിലാണ് ഇനി സെന്റര്‍ പ്രവര്‍ത്തിക്കുക. ആധുനിക സൗകര്യങ്ങളോടെയുള്ള വിശാലമായ ക്ലാസ്മുറികള്‍, അറ്റാച്ച്ഡ് ബാത്ത്‌റൂം, റാമ്പ്, അടുക്കള തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി കെ രാജന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഹരിദാസന്‍ ഈച്ചരോത്ത്, ജില്ലാ പഞ്ചായത്ത് അംഗം ടി റസിയ, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത വടക്കേടത്ത്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കുണ്ടൂര്‍ ബിജു, വിജിത കണ്ടിക്കുന്നുമ്മല്‍, പ്രതിഭ രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗം ബിനീഷ് ഏറാഞ്ചേരി, സെക്രട്ടറി എം ഗിരീഷ്, മുംതാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

