കൊച്ചി: വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസുകാരനെതിരെ ബലാത്സംഗ കേസ്. കൊച്ചി സ്വദേശിനിയായ വനിതാ ഡോക്ടറെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു എന്ന പരാതിയില്‍ തൃശൂര്‍ ഐ ആര്‍ ബറ്റാലിയനിലെ സിവില്‍ പൊലീസ് ഓഫീസറായ തിരുവനന്തപുരം സ്വദേശിക്കെതിരെയാണ് കേസെടുത്തത്. പ്രതി ഒളിവില്‍ ആണ്.
20 ദിവസം മുന്‍പാണ് സംഭവം. വിവാഹ വാഗ്ദാനം നല്‍കി തിരുവനന്തപുരത്തേയ്ക്ക് വിളിച്ചു കൊണ്ടുവന്ന് തമ്പാനൂരിലെ ഒരു ലോഡ്ജില്‍ താമസിപ്പിച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. എത്രയും വേഗം വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഉപദ്രവിച്ചു എന്നും പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് വനിതാ ഡോക്ടര്‍ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയ പൊലീസ് ഓഫീസറെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി തമ്പാനൂര്‍ പൊലീസ് അറിയിച്ചു.
സാമൂഹിക മാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. അവിവാഹിതനാണ് എന്നാണ് പൊലീസ് ഓഫീസര്‍ സ്വയം പരിചയപ്പെടുത്തിയത് എന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ പൊലീസ് ഓഫീസര്‍ വിവാഹിതനും കുട്ടികളുടെ പിതാവുമാണ്. അവിവാഹിതനാണ് എന്ന് പറഞ്ഞ് സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അത് പ്രണയബന്ധത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.