ന്യൂഡൽഹി: ഡൽഹിയിൽ പടക്കം പൊട്ടിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന സർക്കാർ. പടക്കം പൊട്ടിക്കുന്നവർക്കെതിരെ 200 രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും വിധിക്കുമെന്നാണ് സർക്കാർ അറിയിച്ചത്. ജനുവരി ഒന്ന് വരെയാണ് നിയന്ത്രണം. പടക്കം വിൽക്കുന്നതും നിർമ്മിക്കുന്നതും സൂക്ഷിക്കുന്നതും ശ്രദ്ധയിൽപ്പെട്ടാൽ 5000 രൂപ പിഴയും മൂന്ന് വർഷം വരെ തടവും ചുമത്തുമെന്നും പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അറിയിച്ചു.
ഒക്ടോബർ 16 വരെ ഇത്തരത്തിൽ 188 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 2917 കിലോ പടക്കം പിടിച്ചെടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ശൈത്യകാലത്തെ അന്തരീക്ഷ മലിനീകരണം തടയാനാണ് നിയന്ത്രണം. ഹരിത പടക്കങ്ങൾ ഉൾപ്പെടെ എല്ലാതരം പടക്കങ്ങൾക്കും സെപ്തംബർ ഏഴു മുതൽ ഡൽഹി സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് സെപ്തംബർ 30ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ 15 നിർദേശങ്ങൾ അടങ്ങിയ ‘വിന്റർ ആക്ഷൻ പ്ലാൻ’ പ്രഖ്യാപിക്കുകയുണ്ടായി. ഇത് നടപ്പിലാക്കുന്നതിനായി 1800 ഗ്രൂപ്പുകളും സർക്കാർ രൂപീകരിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട ഒരു പൊതു ബോധവൽക്കരണ ക്യംപെയിനും സർക്കാർ ആഹ്വാനം ചെയ്തിട്ടുണ്ട്. ‘എല്ലാ ശൈത്യകാലത്തും തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം ഉയരും. പ്രധാനമായും ദീപാവലി സീസണിൽ. പടക്കം പൊട്ടിക്കലാണ് ഇതിന്റെ പ്രധാനകാരണമായി കണ്ടെത്തിയത്. പടക്കം പൊട്ടിക്കുമ്പോൾ പുറത്തേക്ക് വരുന്ന പുകയും മാലിന്യങ്ങളും വലിയ അപകടം ഉണ്ടാക്കുന്നതാണ്. പ്രത്യേകിച്ചും കുട്ടികളിലും സ്ത്രീകളും പ്രായമായവരിലും. ഇക്കാരണത്താലാണ് ഡൽഹി സർക്കാർ എല്ലാതരം പടക്കങ്ങൾക്കും വിലക്കേർപ്പെടുത്തിയത്.’ സർക്കാർ വിശദീകരിച്ചു.