വയനാട്/മലപ്പുറം: പ്രളയക്കെടുതിയിൽ ദുരന്തം വിതച്ച മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഇന്നും തെരച്ചിൽ തുടരുന്നു. ദേശീയ ദുരന്തനിവാരണ സേന, ഫയര്‍ഫോഴ്സ്, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
കവളപ്പാറയിൽ ഇതുവരെ 46 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി 13 പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. അതേസമയം പുത്തുമലയിൽ അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്നലെ കവളപ്പാറയിൽ നടത്തിയ തിരച്ചിലിൽ ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഇന്ന് കവളപ്പാറയിൽ കൂടുതൽ ആഴത്തിൽ മണ്ണെടുത്ത് തിരച്ചിൽ നടത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസം പുത്തുമലയിൽ ഭൂഗർഭ റഡാർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിന് ഫലം കണ്ടിരുന്നില്ല. എന്നാൽ ഇന്നും റഡാര്‍ സംവിധാനം ഉപയോഗിച്ച് തന്നെ തിരച്ചിൽ നടത്തുമെന്നാണ് വിവരം.