മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി രംഗത്ത്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ മനുഷ്യത്വരഹിതവും അപലപനീയവുമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങുമായി സംസാരിച്ചുവെന്നും അന്വേഷണം പുരോഗമിക്കുന്നതായി അദ്ദേഹം അറിയിച്ചതായും സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു.
തലസ്ഥാനമായ ഇംഫാലിൽനിന്ന് 35 കിലോമീറ്റർ മാറി കാൻഗ്പോക്പി ജില്ലയിൽ മേയ് നാലിനാണു സംഭവം നടന്നതെന്ന് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐടിഎൽഎഫ്) പറഞ്ഞു. വിഡിയോ പ്രചരിച്ചതിനു പിന്നാലെയാണു മാസങ്ങൾക്കു മുൻപു നടന്ന അതിക്രൂരമായ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിച്ചത്തുവരുന്നത്. സംഭവം നടക്കുന്ന ദിവസത്തിനു മുൻപ് മെയ്തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മിൽ ഇവിടെ ഏറ്റുമുട്ടിയിരുന്നു. നഗ്നരായ സ്ത്രീകളെ ആൾക്കൂട്ടം റോഡിലൂടെ ഒരു പാടത്തേക്കു നടത്തിക്കുന്നതാണു പ്രചരിക്കുന്ന വിഡിയോയിലുള്ളത്. മെയ്തെയ് വിഭാഗത്തിൽപ്പെട്ടവരുടെ കൂട്ടമാണിതെന്ന് ഐടിഎൽഎഫ് ആരോപിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി മണിപ്പുർ പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയുൾപ്പെടുത്തി തൗബാൽ ജില്ലയിലെ നോങ്പോക് സെക്മായ് പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തതായും പ്രസ്താവനയിൽ പറയുന്നു.
അതേസമയം, പ്രധാനമന്ത്രിയുടെ നിശബ്ദതയാണ് മണിപ്പുരിനെ അരാചകത്വത്തിലേക്കു നയിച്ചതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. പ്രതിപക്ഷ മുന്നണിയായ ഇന്ത്യ മണിപ്പൂർ ജനതയ്ക്ക് ഒപ്പമാണെന്നും രാഹുൽ പറഞ്ഞു. പാർലമെന്റിൽ ഇന്നു വർഷകാല സമ്മേളനം തുടങ്ങാനിരിക്കെ പ്രതിപക്ഷം വിഷയത്തിൽ ശക്തമായ പ്രതിഷേധമുയർത്തിയേക്കും. രണ്ട് മാസത്തിലേറെയായി തുടരുന്ന മണിപ്പുർ കലാപത്തിൽ 80ലേറെപ്പേർ മരിച്ചതായാണ് കണക്ക്.