വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നടപടിയില്‍ നിന്ന് പിന്‍മാറിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് കാന്തപുരം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍.മുസ്‌ലിം മത സംഘടനകളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചേ നിയമം നടപ്പാക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നുവെന്നും, ഈ ഉറപ്പ് പാലിച്ചതായും കാന്തപുരം പ്രസ്താവനയിലൂടെ പറഞ്ഞു.അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ വീണ്ടെടുക്കാൻ സർക്കാർ തുടങ്ങിവെച്ച ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്താവന
വഖഫ് നിയമനം പി എസ് സിക്ക് വിട്ട നടപടിയുമായി ബന്ധപ്പെട്ട് മുസ്‌ലിം സംഘടനകൾ ഉന്നയിച്ച ആശങ്കകൾ പരിഹരിച്ച് വഖഫ് നിയമന വിഷയത്തിൽ നിയമ ഭേദഗതി നടത്താനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. വഖഫ് ബോർഡിലെ വിവിധ തസ്തികകളിൽ യോഗ്യരായവരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണം.
വഖഫ് ബോർഡിലെ നിയമനങ്ങൾ സുതാര്യമാക്കണമെന്നും പി എസ് സിക്ക് വിടുമ്പോൾ ഉയർന്നുവന്ന ആശങ്കകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലും സർക്കാർ വിളിച്ചുചേർത്ത സംഘടനാ പ്രതിനിധികളുടെ യോഗത്തിലും മുസ്‌ലിം മത സംഘടനകളുടെ അഭിപ്രായങ്ങൾ പരിഗണിച്ചേ നിയമം നടപ്പാക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ വീണ്ടെടുക്കാൻ സർക്കാർ തുടങ്ങിവെച്ച ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയുമുണ്ടാകും.

