ആലപ്പുഴ∙ ആലപ്പുഴ സൗത്ത് മുൻ ഏരിയ കമ്മിറ്റി അംഗം എ.ഡി.ജയനെ സസ്പെൻഡ് ചെയ്ത് സിപിഎം. ആറ് മാസത്തേക്കാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. മുപ്പതിലേറെ സ്ത്രീകളുടെ അശ്ലീല വിഡിയോ ഫോണിൽ സൂക്ഷിച്ചെന്ന ആരോപണത്തെ തുടർന്ന് മുൻ ഏരിയ കമ്മിറ്റിയംഗം എ.പി.സോണയെ പാർട്ടി പുറത്താക്കിയിരുന്നു.
ഈ വിഷയത്തിൽ ജയൻ സോണയെ സഹായിക്കാൻ ഇടപെട്ടെന്നു പാർട്ടി കണ്ടെത്തുകയും ഏരിയ കമ്മിറ്റിയിൽ നിന്നു ലോക്കൽ കമ്മിറ്റിയിലേക്കു തരം താഴ്ത്തുകയുമായിരുന്നു. അതിന്റെ തുടർച്ചയാണ് സസ്പെൻഷൻ.
സോണയ്ക്കെതിരെ ചില സ്ത്രീകൾ പാർട്ടിക്കു പരാതി നൽകുന്നതിൽ നിന്നു പിന്തിരിപ്പിക്കാൻ ജയൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. അശ്ലീല വിഡിയോ വിഷയം വിവാദമായതിനെ തുടർന്ന് ഇത് അന്വേഷിക്കാൻ പാർട്ടി കമ്മിഷനെ നിയോഗിച്ചിരുന്നു. കമ്മിഷൻ റിപ്പോർട്ട് സോണയ്ക്ക് എതിരായിരുന്നു. വിഡിയോ ദൃശ്യങ്ങൾ ജില്ലാ നേതാക്കൾ പരിശോധിക്കുകയും ചെയ്തു.
തുടർന്നാണു സോണയെ പുറത്താക്കിയത്. ജില്ലാ സെക്രട്ടറി ആർ.നാസറിനെ അനുകൂലിക്കുന്ന പക്ഷത്തായിരുന്നു സോണയും ജയനും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത യോഗമാണു വിഭാഗീയ പ്രവർത്തനങ്ങൾക്കു കഴിഞ്ഞ ദിവസം ‘ശിക്ഷാ നടപടി’ തീരുമാനിച്ചത്.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പി.ചിത്തരഞ്ജൻ എംഎൽഎ ഉൾപ്പെടെയുള്ളവരെ തരംതാഴ്ത്തിയും 3 ഏരിയ കമ്മിറ്റികൾ പിരിച്ചുവിട്ടും ജില്ലയിലെ സിപിഎമ്മിൽ കൂട്ട നടപടി എടുക്കുകയായിരുന്നു. ആലപ്പുഴ സൗത്ത്, ആലപ്പുഴ നോർത്ത്, ഹരിപ്പാട് ഏരിയ കമ്മിറ്റികളാണു പിരിച്ചുവിട്ടത്. ചിത്തരഞ്ജനെ കൂടാതെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സത്യപാലനെയും ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. ലഹരിക്കടത്ത് ആരോപണം നേരിട്ട നോർത്ത് ഏരിയ കമ്മിറ്റി അംഗവും നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനുമായ എ.ഷാനവാസിനെ പുറത്താക്കി.