ഹവാല കള്ളപ്പണ ഇടപാടുകളിൽ സംസ്ഥാന വ്യാപക പരിശോധനയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രംഗത്ത്.കേരളത്തിലേക്ക് വൻ തോതിൽ ഹവാല പണം എത്തുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇഡി സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നത്. വിദേശ കറൻസികളും സാമ്പത്തിക ഇടപാട് രേഖകളും റെയ്ഡിൽ ഇ.ഡി പിടിച്ചെടുത്തു.
അടുത്തിടെ കേരളത്തിലേക്ക് ഒഴുകിയത് പതിനായിരം കോടിയുടെ ഹവാലപണം എന്ന് ഇഡി കണ്ടെത്തി. ചെറുകടകൾ കേന്ദ്രീകരിച്ചാണ് ഹവാല ഏജന്റുമാരുടെ പ്രവർത്തനം. 25ൽ അധികം ഹവാല ഇടപാടുകാരെ കേന്ദ്രീകരിച്ച് ആണ് ഇഡി പരിശോധനകൾ നടത്തുന്നത്. എറണാകുളം, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 15 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. ഫോറെക്സ്, ഗിഫ്റ്റ് ഷോപ്പുകൾ, ജ്വല്ലറി, മൊബൈൽ ഷോപ്പുകൾ എന്നിവിടങ്ങളിൽ ഇഡി പരിശോധന നടത്തി.
വിദേശ കറൻസികളും സാമ്പത്തിക ഇടപാട് രേഖകളും കണ്ടെത്തി. 150 പേർ അടങ്ങുന്ന സംഘമാണ് വിവിധ ഇടങ്ങളിൽ പരിശോധന നടത്തുന്നത്. എറണാകുളത്ത് പെന്റാ മേനകയിലെ ഹന ഗ്ലാസസ്, ക്രസന്റ് കളക്ഷൻ എന്നീ കടകളിൽ ആയിരുന്നു പരിശോധന. പെന്റാ മേനകയിൽ മാത്രം 50 കോടി രൂപയുടെ ഹവാല ഇടപാട് ദിവസവും നടക്കുന്നുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഹവാല പണം ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി. സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്.