മാനാഞ്ചിറ : കവിത ചൊല്ലിയും വായനയുടെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തിയും വായനാ പക്ഷാചരണ ജില്ലാതല ഉദ്ഘാടനം. ‘പുല്‍ക്കൊടിയുടെ പുസ്തകം’ എന്ന സ്വന്തം കവിത അവതരിപ്പിച്ച് കവി പി കെ ഗോപിയാണ് മാനാഞ്ചിറ ബിഇഎം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത്. ‘അനാദിയാം ആത്മാവ് കത്തിച്ചുവെച്ച പ്രപഞ്ച സൂര്യോദയം… എന്നു തുടങ്ങുന്ന കവിത വായനയുടെ വലിയ ലോകത്ത് ഒരു പുല്‍ക്കൊടി മാത്രമാണ് നാമെന്ന് ഓര്‍മ്മപ്പെടുത്തുന്നു.
നല്ല മനുഷ്യന്റെ വായനയാണ് നല്ല ലോകത്തെ സൃഷ്ടിക്കുന്നതെന്ന് ഉദഘാടന പ്രസംഗത്തില്‍ പി കെ ഗോപി പറഞ്ഞു. നല്ല വായനയുള്ള ആളായിട്ടും കള്ളക്കടത്തും പരദൂഷണവും നടത്തുന്നവരുടെ വായനകൊണ്ട് ലോകത്തിന് ഒരു നേട്ടവുമില്ല. അതുകൊണ്ട് നല്ല വായനയാണ് ഉണ്ടാകേണ്ടത്. വായിച്ചാല്‍ മാത്രം പോരാ നല്ല മനുഷ്യരുമാവണം. വായനയില്‍ നിന്ന് എന്തുലഭിച്ചു എന്ന് ചോദിച്ചാല്‍ ഈ ജന്മം ശ്രേഷ്ഠമാക്കാന്‍ കഴിഞ്ഞു എന്നാണുത്തരം. വായിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നവര്‍ വലിയ പുണ്യമാണ് ചെയ്യുന്നത്. എല്ലാ ഗ്രന്ഥങ്ങളും വായിച്ചിട്ടും അതിന്റെ പൊരുള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു കാര്യവുമില്ല. വായിക്കുന്നവന്‍ ആകാശത്തെ കാണുന്നു. വായിക്കാത്തവന്‍ മാളത്തില്‍ ഒളിച്ചിരിക്കും. വായിക്കുന്നവന്‍ ചിറക് വെച്ച് ആകാശത്ത് പറക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ മധുരം നുണയുന്നു. ഒളിക്കുന്നവനാകട്ടെ ഇരുട്ടിന്റെ കറുപ്പ് മാത്രമേ അനുഭവിക്കാനാവുള്ളൂവെന്നും പി കെ ഗോപി പറഞ്ഞു.
ജില്ലയില്‍ മുഴുവന്‍ സ്‌കൂളുകളിലും ക്ലാസ് ലൈബ്രറികള്‍ എന്ന പദ്ധതി നടപ്പാക്കികൈാണ്ടിരിക്കയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡിഡിഇ ഇ കെ സുരേഷ്‌കുമാര്‍ പറഞ്ഞു. 95 ശതമാനം സ്‌കൂളുകളിലും ലൈബ്രറികള്‍ സജ്ജജതമായി കഴിഞ്ഞു. മിക്ക സ്‌കൂളുകളും ഇത് ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവരും പരിപാടിയില്‍ പങ്കാളികളായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ കല വായനാദിന സന്ദേശം നല്‍കി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എന്‍ ശങ്കരന്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ പ്രതിനിധി ഇ വി ഉസ്മാന്‍കോയ, ജൂനിയര്‍ റെഡ്ക്രോസ് ജില്ലാ സെക്രട്ടറി കെ വി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ ചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും ബിഇഎം ഗേള്‍സ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ് മെലിന്‍ഡ നന്ദിയും പറഞ്ഞു.