കോഴിക്കോട് നാദാപുരം ചിയ്യൂരില്‍ വീട്ടമ്മ മരിച്ചത് ഭക്ഷ്യ വിഷബാധയെ തുടര്‍ന്നെന്ന് സംശയം. കരിമ്പലംകണ്ടി മൊയ്ദുവിന്റെ ഭാര്യ സുലൈഖയാണ് (42)മരിച്ചത്. വീട്ടിലുണ്ടാക്കിയ ചെമ്മീന്‍ കറിയില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് വിവരം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഭക്ഷ്യവിഷബാധയാണോ എന്ന് സ്ഥിരീകരിക്കാനാകൂ എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് മരണം.
ബുധനാഴ്ച രാത്രിയാണ് സുലൈഖയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നത്. ചെമ്മീന്‍ കറി കഴിച്ചിരുന്നതായും അന്ന് രാത്രിമുതലാണ് അസ്വസ്ഥതകള്‍ തുടങ്ങിയതെന്നും കുടുംബം പറയുന്നു. വീട്ടില്‍ മറ്റാര്‍ക്കും ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെയില്ല. വടകര ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് മരണപ്പെടുന്നത്.