തിരുവനന്തപുരം∙ മോട്ടർ വാഹന വകുപ്പിന്റെ 726 എഐ (നിർമിതബുദ്ധി) ക്യാമറകൾ കേരളത്തിലെ നിരത്തുകളിൽ പ്രവർത്തി തുടങ്ങി. ക്യാമറയിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഒരു മാസത്തേക്ക് പിഴയീടാക്കില്ലെന്ന് പ്രഖ്യാപനം. ഇന്നു മുതൽ മെയ് 19 വരെ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഇടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവാണ് വ്യക്തമാക്കിയത്.
എഐ ക്യാമറകളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മെയ് 19 വരെ ബോധവൽക്കരണം നടത്തുമെന്ന് മന്ത്രി പറഞ്ഞു. ക്യാമറകൾ കണ്ടെത്തുന്ന കുറ്റങ്ങൾക്ക് എന്താണ് ശിക്ഷ എന്ന് വാഹന ഉടമകളെ ഈ കാലയളവിൽ നോട്ടിസിലൂടെ അറിയിക്കും. മെയ് 20 മുതൽ പിഴ ഈടാക്കും. കേരളത്തിലെ റോഡുകൾ മെച്ചപ്പെട്ട സാഹചര്യത്തിൽ വാഹനങ്ങളുടെ വേഗപരിധി പുനഃക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ബോധവൽക്കരണത്തിന് ആവശ്യമായ സമയം നൽകണമെന്ന അഭ്യർഥന മാനിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചാണ് ഒരു മാസത്തേക്ക് പിഴ ഒഴിവാക്കുന്നതെന്നു മന്ത്രി പറഞ്ഞു. അഴിമതി ഇല്ലാതെ നിയമലംഘനം കണ്ടുപിടിക്കാനാണ് ക്യാമറകൾ സ്ഥാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.