തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി ചത്ത സംഭവത്തില്‍ പീപ്പിൾ ഫോർ ആനിമൽ കോടതിയിലേക്ക്. പീപ്പിൾ ഫോർ ആനിമൽ തിരുവനന്തപുരം ചാപ്റ്റർ നാളെ ഹൈക്കോടതിയെ സമീപിക്കും. ചട്ടങ്ങൾ ലംഘിച്ചുള്ള മയക്ക് വെടിയിൽ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടി വേണം എന്ന ആവിശ്യമുന്നയിച്ചാണ് കോടതിയെ സമീപിക്കുന്നത്.
പ്രാഥമിക നടപടിക്രമങ്ങൾ പോലും പാലിക്കാതെയാണ് കരടിയെ മയക്ക് വെടിവച്ചത് എന്നാണ് പീപ്പിൾ ഫോർ ആനിമൽ വിലയിരുത്തുന്നത്. കിണറ്റിൽ വീണപുറത്തെത്തിക്കാനുള്ള വനം വകുപ്പ് ദൗത്യം പാളിയതോടെ വെള്ളത്തിൽ മുങ്ങിയാണ് കരടി ചത്തത്.
മയക്കുവെടിയേറ്റ കരടിയെ വലയിൽ മുകളിലേയ്ക്ക് ഉയര്‍ത്തുന്നതിനിടെ വെള്ളത്തിലേയ്ക്ക് വീഴുകയായിരുന്നു. വെള്ളത്തില്‍ വീണ കരടിയെ പുറത്തെത്തിക്കാൻ ഒന്നര മണിക്കൂറോളമെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കരടി ചത്തെന്ന് സ്ഥിരീകരിച്ചത്.
കരടിയെ രക്ഷിക്കുന്നതിൽ വനം വകുപ്പിനുണ്ടായത് ഗുരുതര പിഴവാണെന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു. മയക്കുവെടിയേറ്റ കരടി മുങ്ങാനുള്ള സാധ്യത ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി കാണാനായില്ല. കിണറിന്റെ ആഴവും വെള്ളത്തിന്റെ അളവും കണകാക്കുന്നതിലും പിഴവുണ്ടായി.

