തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ ഇസ്മയിലിന് സസ്‌പെന്‍ഷന്‍. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് തീരുമാനം. പി രാജുവിന്റെ മരണത്തിനു പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് നടപടി.
പി. രാജുവിനെതിരെ സാമ്പത്തികക്രമക്കേട് പരാതി ഉയരുകയും ഇത് അന്വേഷിക്കാന്‍ പാര്‍ട്ടി ഒരു കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. 75 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു പരാതി. പിന്നീട്, 2.30 കോടിയുടെ ക്രമക്കേട് നടന്നതായി കമ്മീഷന്‍ കണ്ടെത്തി. വിഷയം പരിശോധിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജുവിനെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു. എന്നാല്‍ ഇതിനെതിരെ കെ.ഇ ഇസ്മയില്‍ രംഗത്തെത്തുകയായിരുന്നു.
പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത് കെ.രാജുവിന് മാനസിക സമ്മര്‍ദം ഉണ്ടാക്കിയെന്നും അത് തന്നോട് തുറന്നുപറഞ്ഞിരുന്നെന്നും ഇസ്മയില്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തോട് അത് ചെയ്യാന്‍ പാടില്ലായിരുന്നു. ചില വ്യക്തികള്‍ അദ്ദേഹത്തെ ലക്ഷ്യം വയ്ക്കുകയായിരുന്നു എന്നും ഇസ്മയില്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്ന് എറണാകുളം ജില്ലാ കൗണ്‍സില്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.
ഇസ്മായില്‍ ചെയ്തത് ശരിയല്ലെന്നും പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നിലപാടെടുത്തിന് നടപടി സ്വീകരിക്കണം എന്നുമായിരുന്നു എറണാകുളം ജില്ലാ കൗണ്‍സിലിന്റെ ആവശ്യം. ഇന്ന് ചേര്‍ന്ന സംസ്ഥാന കൗണ്‍സിലില്‍ അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യം ഉയരുകയും ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.