കൊച്ചി: സഭ നടക്കണമെന്നാണ് ആഗ്രഹം, പക്ഷെ പ്രതിപക്ഷ അവകാശങ്ങള്‍ കവര്‍ന്നെടുത്താല്‍ പൂച്ചക്കുട്ടികളെ പോലെ ഇരുന്നുകൊടുക്കാന്‍ തയാറല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കോൺഗ്രസ് നേതാവിന്‍റെ പ്രതികരണം.
എങ്ങനെയാണ് നിയമസഭയില്‍ പെരുമാറേണ്ടതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഇന്നലെ ഒരു സ്റ്റഡി ക്ലാസെടുത്തു. അദ്ദേഹം തല്ലിത്തകര്‍ത്ത സ്പീക്കറുടെ കസേര ഇപ്പോഴും പാലായിലെ ഒരു ഫര്‍ണീച്ചര്‍ ഗോഡൗണിലുണ്ട്. ഇക്കാര്യം ഇ പി ജയരാജനെ വിനയപൂര്‍വം ഓര്‍മ്മിപ്പിക്കുന്നു. ഇ പി ജയരാജനെ പോലൊരാള്‍ പ്രതിപക്ഷം എങ്ങനെയാണ് നിയമസഭയില്‍ പെരുമാറേണ്ടതെന്നത് സംബന്ധിച്ച് ക്ലാസെടുക്കുന്ന വിചിത്രമായൊരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്.
പ്രതിപക്ഷ നേതാക്കളുടെ വാക്കൗട്ട് പ്രസംഗമാണ് ഭരണകക്ഷിയെ പ്രകോപിപ്പിക്കുന്നതെന്നാണ് ജയരാജന്‍ പറയാതെ പറഞ്ഞ് വച്ചിരിക്കുന്നത്. തന്‍റെ പ്രസ്താവനയിലൂടെ ജയരാജന്‍ മുഖ്യമന്ത്രിയെയാണ് ലക്ഷ്യമിടുന്നത്.
പ്രതിപക്ഷം മുന്നോട്ട് വച്ചിരിക്കുന്ന ന്യായമായ കാര്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നിയമസഭാ സമ്മേളനവുമായി സഹകരിക്കില്ല. സഭ നടക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആഗ്രഹം. പക്ഷെ പ്രതിപക്ഷ അവകാശങ്ങള്‍ കവര്‍ന്നെടുത്താല്‍ പൂച്ചക്കുട്ടികളെ പോലെ ഇരുന്നുകൊടുക്കാന്‍ തയാറല്ലെന്നും വിഡി സതീശൻ പറഞ്ഞു.

