കൂട്ടക്കൊല നടത്തുമെന്ന് ഒരു മാസം മുമ്പ് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഇടുക്കി ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും തീകൊളുത്തിക്കൊന്ന ഹമീദിന്റെ മൂത്ത മകൻ ഷാജി. അനിയനെയും കുടുംബത്തെയും ചുട്ടുകൊന്ന ഹമീദ് ഇനിയൊരിക്കലും ജയിലിൽ നിന്നും പുറത്തിറങ്ങരുതെന്നും കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്നും ഷാജി പറഞ്ഞു . പുറത്തിറങ്ങിയാൽ അടുത്തത് തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭയമുണ്ട്. പ്രാണ ഭയത്തോടെയാണ് താനും കുടുംബവും ജീവിക്കുന്നതെന്നും ഷാജി പറഞ്ഞു.
”ഞങ്ങൾ രണ്ട് മക്കളെയും ഒരിക്കലും അംഗീകരിക്കാത്ത ആളായിരുന്നു വാപ്പ ഹമീദ്. ഉമ്മ പാവമായിരുന്നു. വാപ്പക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. ഇവിടെ നിന്നും പോയിട്ട് 30 വർഷത്തിലേറെയായി. തിരിച്ച് വന്ന ശേഷം ഇഷ്ടദാനം നൽകിയ സ്വത്ത് തിരികെ വേണമെന്ന് പറഞ്ഞ് പ്രശ്നങ്ങളുണ്ടാക്കി. ഞങ്ങൾ മക്കൾക്കെതിരെ 50 തിലേറെ കേസ് നിലവിലുണ്ട്. പലതും സെറ്റിൽ ചെയ്തു. കേസുകൾ ഞങ്ങൾക്ക് അനുകൂലമായാണ് വന്നത്. അപ്പോഴും വാപ്പയ്ക്കെതിരെ ഞങ്ങൾ കേസ് കൊടുത്തിരുന്നില്ല. സഹികെട്ട് കഴിഞ്ഞ ദിവസമാണ് അനിയൻ മുഹമ്മദ് ഫൈസൽ വാപ്പക്കെതിരെ ഒരു കേസ് കൊടുത്തത്. അവന്റെ ചെറിയ കുഞ്ഞിനെ ഉപദ്രവിച്ചപ്പോഴാണ് അങ്ങനെയൊരു കേസ് കൊടുക്കേണ്ടി വന്നത്. സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ലെന്നും കൊല്ലുമെന്നും പല പ്രാവശ്യം പറഞ്ഞിരുന്നു. എന്നാൽ ഇങ്ങനെയൊന്ന് വാപ്പ ചെയ്യുമെന്ന് കരുതിയില്ലെന്നും ഷാജി പറയുന്നു.