സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് ചേക്കേറിയതോടെ CR7 ലയണൽ മെസി നേർക്കുനേർ പോരാട്ടം കാണാമെന്ന ആരാധകരുടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്ച നടന്ന സൗഹൃദ മത്സരത്തിൽ മെസിയുടെ പാരീസ് സെന്റ് ജെർമെയ്‌നെതിരെ റൊണാൾഡോയുടെ ഓൾ-സ്റ്റാർ ഇലവൻ അണിനിരന്നതോടെ ഗെയിമിലെ രണ്ട് സൂപ്പർതാരങ്ങൾ ഒരിക്കൽ കൂടി മൈതാനത്ത് നേർക്കുനേർ എത്തി.
കിംഗ് ഫഹദ് സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു, ദശലക്ഷക്കണക്കിന് ആളുകൾ ടെലിവിഷൻ സെറ്റുകൾക്ക് മുന്നിൽ തടിച്ചുകൂടി. രണ്ട് ‘ഗോട്ടുകൾ’ പരസ്പരം ഏറ്റുമുട്ടുന്നത് കണ്ണിമ ചിമ്മാതെ ലോകം കണ്ടു. സെർജിയോ റാമോസും നെയ്‌മറും കിലിയൻ എംബാപ്പെയും ഉൾപ്പെടെ നിരവധി സുഹൃത്തുക്കളെ റൊണാൾഡോ നേരിൽ കണ്ടെങ്കിലും പോർച്ചുഗീസ് ഇതിഹാസം തന്റെ ഏറ്റവും വലിയ എതിരാളിയായ മെസിയെ അഭിവാദ്യം ചെയ്തതാണ് ഇപ്പോൾ ഇൻറർനെറ്റിൽ തരംഗമാകുന്നത്.മെസ്സിയും റൊണാൾഡോയും കണ്ടുമുട്ടിയതിന്റെയും ആശംസകൾ നേരുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
മെസ്സിയും റൊണാൾഡോയും കണ്ടുമുട്ടിയതിന്റെയും ആശംസകൾ നേരുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
മത്സരത്തിനിടെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ തന്റെ ആരാധനാ പാത്രമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള ഇഷ്ടം വെളിപ്പെടുത്തുന്നതും ആരാധകർ കണ്ടു. കെയ്‌ലർ നവാസിന്റെ ഇടിയേറ്റ് റൊണാൾഡോയുടെ മുഖത്തുണ്ടായ പാട് കൈലിയൻ എംബാപ്പെ പരിശോധിക്കുന്നതായിരുന്നു ആദ്യ ദൃശ്യം.
5 – 4 ന് പിഎസ്ജി ജയിച്ച മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോൾ നേടി. ജാൻ ഹ്യൂങ് സൂ, ടലിസ്‌ക എന്നിവർ ആയിരുന്നു റിയാദ് ഓൾ ടൈം ഇലവന്റെ മറ്റ് ഗോൾ നേട്ടക്കാർ. ലയണൽ മെസിക്ക് പിന്നാലെ മാർഖീഞ്ഞോസ്, സെർജിയൊ റാമോസ്, കിലിയൻ എംബാപ്പെ, ഹ്യൂഹൊ എകിറ്റെകെ എന്നിവർ പിഎസ്ജിക്കു വേണ്ടിയും ഗോൾ നേടി. ഹ്വാൻ ബെർനാട്ട് 39 -ാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ടതു മുതൽ പി എസ് ജി 10 പേരായി ചുരുങ്ങിയിരുന്നു. ഗെയിമിന് ശേഷം റൊണാൾഡോ സോഷ്യൽ മീഡിയയിൽ മനോഹരമായ ഒരു കുറിപ്പ് പങ്കിട്ടു, “ചില പഴയ സുഹൃത്തുക്കളെ കണ്ടതിൽ സന്തോഷം”.