സ്പ്രിങ്ക്‌ളര്‍ കരാര്‍ മുഖ്യമന്ത്രി അറിയാതെയാണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. ശിവശങ്കറിന്റെ ഏകപക്ഷീയ ഇടപെടലുകളാണ് കരാറിന് പിന്നിലെന്ന കണ്ടെത്തലുള്ള റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തായി. ഒപ്പം സര്‍ക്കാരിന്റെ ജാഗ്രതക്കുറവിനും കൂടുതല്‍ തെളിവായി.
മുഖ്യമന്ത്രിയുടെ അറിവോടെയല്ല കോവിഡ് വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിന് സ്പ്രിങ്ക്‌ളര്‍ കമ്പനിയെ ചുമതലപ്പെടുത്തുന്ന കരാര്‍ തയാറാക്കിയതെന്നും അദ്ദേഹത്തിന്റെ അറിവോടെയല്ല കരാര്‍ നടപ്പാക്കിയതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്നത്തെ ഐടി സെക്രട്ടറിയായ എം. ശിവശങ്കര്‍ ഏകപക്ഷീയമായി കരാര്‍ നടപ്പിലാക്കുകയായിരുന്നുവെന്നും അതുവഴി പൊതുജനങ്ങളുടെ വിവരങ്ങള്‍ക്ക് മേല്‍ കമ്പനിക്ക് നിയന്ത്രണാധികാരം ലഭിച്ചുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായി ചര്‍ച്ച നടത്തിയത് ഐടി വകുപ്പാണ്. എന്നാല്‍ പലതവണ ആവശ്യപ്പെട്ടിട്ടാണ് വിഷയവുമായി ബന്ധപ്പെട്ട യോഗങ്ങളുടെ മിനിറ്റ്‌സ് വിവരങ്ങള്‍ പോലും സമിതിക്ക് ലഭ്യമായതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കോവിഡ് വിവരശേഖരണത്തിനായാണ് അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്‌ളറുമായി സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടത്. ഇടതുമുന്നണിയിലോ മന്ത്രിസഭായോഗത്തിലോ ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രിയുടെ താല്‍പര്യപ്രകാരമായിരുന്നു തീരുമാനം. കരാര്‍ വ്യവസ്ഥകളും നടപടികളും ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ മേല്‍നോട്ടത്തിലാണ് നടന്നത്. കരാറിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയില്‍ നിന്നും ചീഫ് സെക്രട്ടറി ടോം ജോസില്‍ നിന്നും ശിവശങ്കര്‍ മറച്ചുവച്ചെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
വിവരങ്ങള്‍ അപൂര്‍ണമായതിനാല്‍ വിശദമായ പരിശോധന സാധിച്ചില്ല. കോവിഡ് പ്രതിരോധ രംഗത്ത് പ്രധാന പങ്കുവഹിച്ചിരുന്ന ആരോഗ്യവകുപ്പിനും കരാര്‍ വിശദാംശങ്ങള്‍ അറിയില്ലായിരുന്നു. ആരോഗ്യ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ ഇക്കാര്യം മൊഴിയായി നല്‍കി. കമ്പനിയുമായി ഐ ടി വകുപ്പിന്റെ ചര്‍ച്ചകള്‍ക്ക് ഔദ്യോഗിക സ്വഭാവം ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഇതുമായി ബന്ധപ്പെട്ട മിനിട്‌സ് അന്വേഷണ സമിതിക്ക് ലഭിച്ചില്ല. വ്യോമയാന മുന്‍ സെക്രട്ടറി എം മാധവന്‍ നമ്പ്യാര്‍, സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ഗുല്‍ഷന്‍ റായ് എന്നിവരടങ്ങിയ സമിതിയാണ് കരാറിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ചത്. ഐ ടി വകുപ്പില്‍ ശിവശങ്കറിനുണ്ടായിരുന്ന സ്വാധീനം വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്.