ബിഹാറില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ജെഡിയു-ബിജെപി മന്ത്രിസഭയില്‍ 57 ശതമാനം പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്. നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ഇപ്പോഴത്തെ 14 പേരില്‍ എട്ടുപേരും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. ബിജെപിയില്‍ നിന്നുള്ളവരില്‍ നാലും, ജെഡിയുവില്‍ നിന്നുള്ളവരില്‍ രണ്ടും പേര്‍ ഇത്തരം കേസുകളുള്ളവരാണ്.
ഹിന്ദുസ്ഥാനി അവാം മോര്‍ച്ച് സെക്യുലറിലെയും വികാശീല്‍ പാര്‍ട്ടിയിലെയും ഓരോ അംഗങ്ങള്‍ വീതവും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. മന്ത്രിസഭയിലെ 13 പേര്‍ കോടിപതികളാണ്. ഇവരുടെ ശരാശരി ആസ്തി 3.93 കോടിയാണ്. 12.31 കോടി രേഖകളില്‍ കാണിച്ചിരിക്കുന്ന താരാപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള മേവ ലാല്‍ ചൗധരിയാണ് ഒന്നാം സ്ഥാനത്ത്.
മന്ത്രിമാരില്‍ ഏറ്റവും കുറവ് ആസ്തി അശോക് ചൗധരിക്കാണ്. ഇദ്ദേഹത്തിന്റേത് 72.89 ലക്ഷമാണ്. നാല് മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യത എട്ടുമുതല്‍ 12ാം ക്ലാസ് വരെയാണ്. പത്തുപേര്‍ ബിരുദധാരികളോ അതില്‍ കൂടുതലോ വിദ്യാഭ്യാസമുള്ളവരാണ്. 14 മന്ത്രിമാരില്‍ രണ്ട് പേര്‍ വനിതകളാണ്.