തിരുവനന്തപുരം: കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ലാത്തി ചാര്‍ജില്‍ ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്കും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനും ഉള്‍പ്പടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ കെ.എസ്.യു സംസ്ഥാന വ്യാപകമായി വിദ്യാഭാസ ബന്ദ് പ്രഖ്യാപിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി സുബിന്‍ മാത്യു അറിയിച്ചു.
മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചിരുന്നു. ഈ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ കൊണ്ടുപോയ പോലീസ് വാന്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി.
ഇതിലാണ് ഷാഫി പറമ്പില്‍ ഉള്‍പ്പടെയുള്ള നേതാക്കന്മാര്‍ക്ക് പരിക്കേറ്റത്. ഷാഫി പറമ്പില്‍ എം.എല്‍.എയുടെ തലയ്ക്ക് പൊട്ടലുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോഴും സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
വാളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം എം.ജി, കേരള സര്‍വകലാശാലകളിലെ മാര്‍ക്ക് തട്ടിപ്പുകളില്‍ സ്വതന്ത്ര അന്വേഷണം ഉള്‍പ്പടെ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. മാര്‍ച്ച് നടക്കുന്നതിനിടെ കേരള യൂണിവേഴ്‌സിറ്റി പരീക്ഷ തട്ടിപ്പ് ജില്ല ക്രൈം ബ്രാഞ്ചിന് വിട്ട് ഡി.ജി.പി ഉത്തരവിറക്കിയിരുന്നു.