തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് എം.ആര്‍ അജിത്ത് കുമാറിനെ മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സിപിഐ. ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നറിയണം. കൂടിക്കാഴ്ച ഔദ്യോഗികം ആയിരുന്നോ വ്യക്തിപരമായിരുന്നോ, ഇത് പറയാനുള്ള ബാധ്യത എഡിജിപിക്ക് ഉണ്ടെന്നും ജനയുഗത്തിലെഴുതിയ ലേഖനത്തില്‍ സിപിഐ നേതാവും ദേശീയ എക്‌സിക്യുട്ടീവ് അംഗവുമായ പ്രകാശ് ബാബു ആവശ്യപ്പെട്ടു.
‘ആര്‍എസ്എസ് എന്ന ഹൈന്ദവ തീവ്രവാദ സംഘടനയുടെ രണ്ടു ദേശീയ നേതാക്കളെ തികച്ചും മെച്ചപ്പെട്ട ക്രമസമാധാനം നിലനില്‍ക്കുന്ന കേരളത്തില്‍ പ്രത്യേകിച്ച് വര്‍ഗീയ സംഘര്‍ഷങ്ങളൊന്നും ഇല്ലാത്ത ഒരു സന്ദര്‍ഭത്തില്‍ സംസ്ഥാനത്തെ ഉന്നത പൊലീസുദ്യോഗസ്ഥന്‍ എന്തിനാണ് രഹസ്യമായി സന്ദര്‍ശിച്ചത് എന്നറിയാന്‍ ഏവര്‍ക്കും താല്പര്യമുണ്ട്. ഔദ്യോഗികമോ വ്യക്തിപരമോ ആയ എന്താവശ്യത്തിനാണ് അവരെ താന്‍ സന്ദര്‍ശിച്ചതെന്ന് പറയാനുള്ള ബാധ്യത ആ ഉദ്യോഗസ്ഥനുണ്ട്. കുറഞ്ഞ പക്ഷം പൊലീസ് മേധാവിയെയോ ആഭ്യന്തര വകുപ്പിനേയോ രേഖാമൂലം അറിയിക്കേണ്ടതാണ്. അതിന് ഉദ്യോഗസ്ഥന്‍ തയ്യാറാകുന്നില്ലെങ്കില്‍ നിലവിലെ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തണം’.- ലേഖനത്തില്‍ പറയുന്നു.