കോഴിക്കോട് : കുന്ദമംഗലത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ട കളരിക്കണ്ടി സ്വദേശിയുടെ മൃതദേഹം സംസ്കരിക്കാൻ മുന്നിട്ടിറങ്ങി നാടിന് മാതൃകയായി ആരോഗ്യ- സന്നദ്ധ പ്രവർത്തകരും, ജനപ്രതിനിധികളും. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ ആദ്യ കോവിഡ് മരണം ഇന്നലെ റിപ്പോർട്ട് ചെയ്തു. പ്രോട്ടോക്കോൾ അനുസരിച്ച് മറവു ചെയ്യുന്ന സാഹചര്യത്തിൽ അതിനു തയ്യാറായി വന്നത് ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു,കുന്ദമംഗലം ഗ്രാമ പഞ്ചയത്തിലെ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഹിദേശ് കുമാർ കളരിക്കണ്ടിയും ഉൾപ്പെടുന്ന ഏഴംഗ സംഘമാണ്.
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അംഗം ശ്രീബ പുൽകുന്നുമ്മൽ, സന്നദ്ധ പ്രവർത്തകരായ സാംസ്‌കാരിക സാമൂഹിക പ്രവർത്തകൻ സലാം മാഷ്, പുൽക്കുന്നുമ്മൽ ഷാജി, റഹ്‍മാനിയ വിദ്യാഭാസ സ്ഥാപനത്തിലെ കെമസ്ട്രി വിഭാഗം അധ്യാപകൻ ഷാനവാസ് വളപ്പിൽ, ബിനു പിലാശ്ശേരി, എന്നിവരാണ് മൃതദേഹം സമസ്‌കരിക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളായത്.
കോവിഡ് രോഗികളുടെ മൃതദേഹങ്ങളോട് പലയിടങ്ങളിലും അനാദരവ് കാണിച്ച വാർത്തകൾ പുറത്ത് വരുന്ന സാഹചര്യത്തിലാണ് ഒരു പറ്റം മനുഷ്യ സ്നേഹികൾ സ്വയം തയ്യാറായി മുൻപോട്ട് വന്ന് നാടിനു തന്നെ മാതൃകയായത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും കുന്ദമംഗലം ഹെൽത്ത് ഇൻസ്‌പെക്ടർ മൃതദേഹം ഏറ്റു വാങ്ങി. ശേഷം എല്ലാ സുരക്ഷയോട് കൂടിയും വെസ്റ്റ് ഹിൽ പൊതു ശ്മശാനത്തിൽ ശവസംസ്കാര ചടങ്ങുകൾ നടത്തി.
സലാം മാഷ്, പുൽക്കുന്നുമ്മൽ ഷാജി, ഷാനവാസ് വളപ്പിൽ, ബിനു പിലാശ്ശേരി, എന്നിവരാണ് സുരക്ഷാ സംവിധാനങ്ങളോടെ നേരിട്ട് ശവ സംസ്കാരത്തിൽ പങ്കെടുത്തിരിക്കുന്നത്
കഴിഞ്ഞ ദിവസമാണ് കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ രണ്ടാം വാർഡിൽ കളരിക്കണ്ടി പുൽകുന്നുമ്മൽ കോരൻ (72) മരണപ്പെടുന്നത് . പനി കാരണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ആദ്യം നടത്തിയ ആൻ്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയിരുന്നു. പനി മാറാതിരുന്ന കാരണം ആർ ടി.പി സി ആർ ടെസ്റ്റ് നടത്തിയതിൽ പോസ്റ്റീവായത്. പിന്നീട് രോഗം മൂർച്ചിച്ച് മരണപ്പെടുകയുമായിരുന്നു.