ഓണത്തോടനുബന്ധിച്ച് പഴം, പച്ചക്കറി, നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണത്തിന് ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ഭക്ഷ്യം, കൃഷി എന്നീ വകുപ്പുകളുടെയും വ്യാപാര പ്രതിനിധികളുടെയും യോഗം ജില്ലാ കളക്ടര്‍ വി വിഗ്‌നേശ്വരി വിളിച്ചുചേര്‍ത്തു. പൊതുജനങ്ങള്‍ക്ക് സഹായകരമാകുന്ന തരത്തില്‍ വ്യാപാരികളുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. വിലവിവര പട്ടിക എല്ലാവരും നിര്‍ബന്ധമായി പ്രദര്‍ശിപ്പിക്കണം . മികച്ച ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ വ്യാപാരികള്‍ പരമാവധി ശ്രമിക്കണം. മികച്ച സേവനം നല്‍കുന്നത് ബിസിനസ് വര്‍ധിക്കാന്‍ ഇടയാക്കും. ഓണത്തോടനുബന്ധിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സാധനങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ സാധനങ്ങളുടെ പൂഴ്ത്തി വയ്പ് മൂലം വിപണി വില കൂടുന്ന സാഹചര്യം ഒഴിവാക്കണം. ഇതിനായി ഭക്ഷ്യ വകുപ്പ് സ്‌ക്വാഡ് പ്രവര്‍ത്തനവും പരിശോധനയും കര്‍ശനമാക്കും.
അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത ലീഗല്‍ മെട്രോളജി പരിശോധിച്ച് ഉറപ്പാക്കും. റവന്യൂ, ലീഗല്‍ മോട്രോളജി, പൊതുവിതരണം, പോലീസ്, ഫുഡ് സേഫ്റ്റി, ആരോഗ്യം എന്നീ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡ് ജില്ലാ കളക്ടറുടെ നേത്യത്വത്തില്‍ ജില്ലയിലാകെ പരിശോധന നടത്തും. ഈ വര്‍ഷം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 615 പരിശോധനകള്‍ നടത്തുകയും 58 ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ക്രമക്കേടുകള്‍ കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുവരികയാണ്. സംയുക്ത പരിശോധനയുടെ റിപ്പോര്‍ട്ട് ക്രോഡീകരിച്ച് നല്കാന്‍ ജില്ലാ സപ്ലെ ആഫീസറെ ചുമതലപ്പെടുത്തി.
വഴിയോരകച്ചവടക്കാര്‍ വിപണി കയ്യടക്കുന്നത് വ്യാപാര പ്രതിനിധികള്‍ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇത്തരം കച്ചവടക്കാര്‍ക്ക് വെന്റിംഗ് ഏരിയ നിശ്ചയിച്ച് നല്‍കിയില്ലെങ്കില്‍ ഉത്സവ സീസണുകളില്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും വഴിയോര കച്ചവടക്കാരുമായി ബന്ധപ്പെട്ട മീറ്റിംഗില്‍ വ്യാപാര പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തണമെന്നും വ്യാപാര പ്രതിനിധികള്‍ ആവശ്യപ്പെട്ടു. അതത് തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന ബെലോകളുടെ അടിസ്ഥാനത്തില്‍ വെന്റിംഗ് കമ്മറ്റികള്‍ നല്‍കുന്ന വെന്റിംഗ് സര്‍ട്ടിഫിക്കറ്റ് പ്രകാരമാണ് വഴിയോര കച്ചവടക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
യോഗത്തില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ , വ്യാപാരി വ്യവസായി സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിവര്‍ പങ്കെടുത്തു.

