കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നിയമനത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ച നിലപാട് ഭരണഘടനാ വിരുദ്ധമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. ഗവര്‍ണറുടെ സമീപനത്തോട് കേരള സമൂഹത്തിനു പൊരുത്തപ്പെടാന്‍ കഴിയില്ല. യൂണിവേഴ്‌സിറ്റികളിലെ നിയമനങ്ങള്‍ സ്വജനപക്ഷപാതമാണ്, രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് ഗവര്‍ണര്‍ പറയുന്നത്.
രാഷ്ട്രീയ പ്രേരിതമായതിന്റെ ഭാഗമായാണ് ഗവര്‍ണര്‍ പദവിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത് എന്ന യാഥാര്‍ഥ്യത്തോട് അദ്ദേഹം പൊരുത്തപ്പെടണം. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നിയമനങ്ങളില്‍ നിയമ വിരുദ്ധമായ ഒന്നും സംഭവിച്ചിട്ടില്ല. ഗവര്‍ണറുടെ നടപടി യൂണിവേഴ്‌സിറ്റി ആക്ടിനു വിരുദ്ധമാണ്. സ്വാഭാവിക നീതിക്കു നിരക്കാത്തതാണെന്ന് എ.കെ ബാലന്‍ പറഞ്ഞു.
നേതാക്കളുടെ ബന്ധുക്കളായതുകൊണ്ട് അര്‍ഹതപ്പെട്ട ആര്‍ക്കും ജോലി നല്‍കാതിരിക്കാന്‍ കഴിയില്ലെന്നു എ.കെ. ബാലന്‍ പറഞ്ഞു. മെറിറ്റ് ഉള്ളവരെ ഒഴിവാക്കുന്നത് നീതി നിഷേധമാണ്. കണ്ണൂര്‍ വിസിയുടെ പുനര്‍ നിയമമായി ബന്ധപ്പെട്ടും ഗവര്‍ണര്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഹൈക്കോടതി വിധി വിസിക്ക് അനുകൂലമായിരുന്നു. എന്നിട്ടും അതിനെ രാഷ്ട്രീയ നിയമനമെന്നു പറയുകയാണ്.
വിസിയുടെ പുനര്‍നിയമനത്തില്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചതായി ഹൈക്കോടതി പറഞ്ഞിട്ടും ആരോപണം ഉയര്‍ത്തുന്നത് നിര്‍ഭാഗ്യകരമാണ്. ഗവര്‍ണര്‍ ആധികാരികമായി ഭരണഘടനാ സ്ഥാപനത്തില്‍നിന്ന് നിയമോപദേശം തേടണമെന്നും എ.കെ.ബാലന്‍ പറഞ്ഞു.