സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ സ്വകാര്യ ബസ് ജീവനക്കാര്‍ കത്തി കൊണ്ട് മകനെ കുത്താനൊരുങ്ങുന്നത് കണ്ട് പിതാവ് കുഞ്ഞുവീണു മരിച്ചു. ഫോര്‍ട്ട്കൊച്ചി കിഴക്കേപറമ്പില്‍ ഫസലുദ്ദീനാണ് മരിച്ചത്. 54 വയസായിരുന്നു. ഇന്നലെ രാത്രി 7.45നു പറവൂര്‍ കണ്ണന്‍കുളങ്ങരയിലാണ് സംഭവം.
ഫസലുദ്ദീന്റെ മകന്‍ ഫര്‍ഹാനാണ് (20) കാര്‍ ഓടിച്ചത്. കോഴിക്കോട്- വൈറ്റില റൂട്ടിലോടുന്ന ‘നര്‍മദ’ ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ കണ്ണാടിയില്‍ മുട്ടിയെന്നാണു ഫര്‍ഹാന്റെ മൊഴി. അമിത വേഗത്തിലായിരുന്നു ബസ്. ഇത് ചോദ്യം ചെയ്തപ്പോള്‍ ബസ് ജീവനക്കാര്‍ ആക്രമിക്കാന്‍ എത്തിയെന്നാണ് ഫര്‍ഹാന്‍ മൊഴി നല്‍കിയത്.
ബസ് നിര്‍ത്താതെ പോയതോടെ ഫര്‍ഹാന്‍ ബസിനു മുന്‍പില്‍ കാര്‍ കൊണ്ടുവന്നിട്ടു ബസ് തടഞ്ഞു ചോദ്യം ചെയ്തു. തര്‍ക്കത്തിനിടെ സ്വകാര്യ ബസ് ജീവനക്കാരന്‍ വാഹനത്തില്‍ നിന്നും കത്തിയെടുത്തു ഫര്‍ഹാനെ കുത്താന്‍ ശ്രമിച്ചു. ഇത് തടഞ്ഞ ഫര്‍ഹാന്റെ കൈ കത്തി തട്ടി മുറിഞ്ഞു. ഇതു കണ്ടാണ് കാറിലുണ്ടായിരുന്ന ഫസലുദ്ദീന്‍ കുഴഞ്ഞുവീണത്.
ഉടനെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ ബസ് ജീവനക്കാര്‍ വാഹനവുമായി സ്ഥലം വിട്ടു. അതേസമയം, യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച ബസ് ഡ്രൈവര്‍ അറസ്റ്റിലായി. ബസിന്റെ ഡ്രൈവറായ ചെറായി സ്വദേശി ടിന്റുവാണ് അറസ്റ്റിലായത്.