മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ കേസെടുത്തതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കെ.സുധാകരനെതിരേ കേസെടുത്തത് സി.പി.എമ്മിന്റെ വിഷയ ദാരിദ്ര്യം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേസ് കോടതി വരാന്തയില്‍ പോലും നില്‍ക്കില്ലെന്ന് വിഡി സതീശന്‍ തൃക്കാക്കരയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മറ്റെല്ലാം പരാജയപ്പെട്ടപ്പോള്‍ ഉണ്ടാക്കിയെടുത്ത കേസാണ്. സുധാകരന്‍ പ്രസ്താവന പിന്‍വലിച്ചിട്ടും കേസ് എടുത്തു. നികൃഷ്ട ജീവി എന്നും പരനാറി എന്നും കുലംകുത്തി എന്നും വിശേഷിപ്പിച്ച പിണറായി വിജയന് എതിരെ എവിടെയെങ്കിലും കേസ് എടുത്തോ എന്നും വി ഡി സതീശന്‍ ചോദിച്ചു.
വര്‍ഗീയ പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങി ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ട് പോലും പി.സി ജോര്‍ജിനെതിരേ മിണ്ടുന്നില്ല. മിണ്ടാന്‍ കഴിയില്ലെന്നും തൃക്കാക്കരയില്‍ മത്സരിക്കുന്നത് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിയാണെന്നും വി.ഡി സതീശന്‍ ചൂണ്ടികാട്ടി.
കൂടാതെ, കൊച്ചി കോര്‍പറേഷന്‍ ഭരണം നഷ്ടപ്പെടാതിരിക്കാന്‍ സിപിഎം ബിജെപിയെ സഹായിച്ചെന്നും വി.ഡി.സതീശന്‍ ആരോപിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കു കഴിഞ്ഞവട്ടം സ്വതന്ത്രയായി മത്സരിച്ചതിനേക്കാള്‍ 78 വോട്ട് അധികം കിട്ടിയതായും സതീശന്‍ പറഞ്ഞു.