കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഭാര്യയെ കുത്തിക്കൊന്ന യാസിര്‍ കൊലപാതക സമയത്ത് ലഹരിഉപയോഗിച്ചിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.സ്വബോധത്തോടെയാണ് കൃത്യം നിര്‍വഹിച്ചതെന്നും പൊലീസ് പറയുന്നു.
ഇന്നലെ രാത്രി 7 മണിയോടെയാണ് താമരശ്ശേരി മേഖലയെ നടുക്കി വീണ്ടും ലഹരിക്കൊല അരങ്ങേറിയത്. ഭര്‍ത്താവിന്റെ അക്രമത്തില്‍ മനംനൊന്ത് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു 23 വയസുകാരി ഷിബിലയെ ഭര്‍ത്താവ് വീട്ടിലെത്തി കുത്തുകയായിരുന്നു. ഭാര്യാ പിതാവ് അബ്ദുറഹ്മാനും ഭാര്യ മാതാവ് ഹസീനക്കും കുത്തേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് എത്തുംമുമ്പെ തന്നെ ഷിബില മരിച്ചു. അബ്ദുറഹ്മാനും ഹസീനയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റി പരിസരത്ത് നിന്നാണ് യാസിര്‍ പിടിയിലായത്.
ഭാര്യാ പിതാവിനെയാണ് താന്‍ ലക്ഷ്യം വെച്ചിരുന്നതെന്ന് പ്രതി യാസിര്‍ പൊലീസിനോട് പറഞ്ഞു. കൊല്ലപ്പെട്ട ഷിബിലയേയും തന്നെയും ഭാര്യാപിതാവ് അബ്ദുറഹ്മാന് അകറ്റിയെന്നും ഷിബില തന്റെ കൂടെ പോകുന്നതിനെ അബ്ദുറഹ്മാന് എതിര്‍ത്തെന്നും യാസിര്‍ പൊലീസിനോട് പറഞ്ഞു.പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

