പ്രശസ്ത നാടക കൃത്ത് മധു മാഷ് (73) അന്തരിച്ചു. അസുഖ ബാധിതനായി ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് അന്ത്യം. നൂറു കണക്കിന് വേദികളില്‍ അവതരിപ്പിക്കപ്പെട്ട അമ്മ നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ് കെ.കെ.മധുസൂദനന്‍ എന്ന മധു മാഷ്.
ഇന്ത്യ 1974, പടയണി, സ്പാര്‍ട്ടക്കസ്, കറുത്ത വാര്‍ത്ത, കലിഗുല, തുടങ്ങി നിരവധി നാടകങ്ങള്‍ രചിച്ചു. സംഘഗാനം, ഷട്ടര്‍, ലീല തുടങ്ങി ഏതാനും സിനിമകളിലും അഭിനയിച്ചു. കോഴിക്കോട് അത്താണിക്കല്‍ സ്വദേശിയായ അദ്ദേഹം കോഴിക്കോട് ട്രെയിനിങ് കോളജിലെ അധ്യാപക പരിശീലനകാലത്ത് നക്സല്‍ പ്രസ്ഥാനവുമായി അടുത്തു. തുടർന്ന് നക്സൽ പ്രവർത്തനവുമായി ബന്ധപ്പെട്ട് രണ്ട് വർഷത്തോളം ജയിൽ വാസം അനുഭവിച്ചു. കേസില്‍ വിട്ടയച്ച ശേഷം ബേപ്പൂര്‍ ഗവ എല്‍പി സ്‌കൂളില്‍ അധ്യാപകനായി
വയനാട്ടിലെ കൈനാട്ടി എല്‍പി സ്‌കൂളില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം കുറ്റിച്ചിറ ഗവ എല്‍പി, കെയിലാണ്ടി ഗവ മാപ്പിള സ്‌കൂള്‍, കുറ്റിച്ചിറ ഗവ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. 2004ല്‍ കുറ്റ്യാടിക്കടുത്ത് ചെറുകുന്ന് ഗവ യുപി സ്‌കൂള്‍ പ്രധാനാധ്യാപകനായി വിരമിച്ചു. ഭാര്യ: ഉഷാറാണി. മക്കള്‍: വിധുരാജ് (ഫോട്ടോ ഗ്രാഫര്‍, മലയാള മനോരമ), അഭിനയ രാജ്.